കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു
ബംഗളൂരു: കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. ബെംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന കെഎല്‍ 15 എ 2444 എന്ന നമ്പറിലുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. മൈസൂരിന് സമീപം നഞ്ചന്‍കോട്ട് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു അപകടം. അപകടസമയത്ത് ബസില്‍ 44 യാത്രക്കാരുണ്ടായിരുന്നു. ബസില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീ പടര്‍ന്നതോടെ ബസ് പൂര്‍ണമായും അഗ്നിക്കിരയായി.
മുന്നില്‍ നിന്ന് തീ അതിവേഗം മറ്റ് ഭാഗത്തേക്ക് പടരുകയും ബസ് പൂര്‍ണമായും കത്തിനശിക്കുകയുമായിരുന്നു. തീപിടിത്തത്തില്‍ യാത്രക്കാരുടെ ഫോണുകളും സാധനങ്ങളും നിരവധി രേഖകളും കത്തിനശിച്ചു. പാസ്‌പോര്‍ട്ട് അടക്കമുള്ളവയാണ് കത്തിനശിച്ചത്. അപകടത്തെ തുടര്‍ന്ന് മറ്റൊരു ബസ് എത്തിച്ചാണ് യാത്രക്കാരെ കേരളത്തിലെത്തിച്ചത്.
