ബ്ലൂടൈഗേഴ്‌സ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗിന്റെ ആറാം സീസണിന് ആവേശത്തുടക്കം

0

കൊച്ചി:  ബ്ലൂടൈഗേഴ്‌സ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ആറാം സീസണിന് ആവേശകരമായ തുടക്കം. രാജഗിരി കോളജ് ഗ്രൗണ്ടില്‍ വ്യാഴാഴ്ച്ച ആരംഭിച്ച ബ്ലൂടൈഗേഴ്‌സ് കെ.എഫ്.പി.പിഎല്‍ ആറാം സീസണില്‍ ഉദ്ഘാടന ദിവസം നാല് കളികളിലായി എട്ടു ടീമുകള്‍ കൊമ്പുകോര്‍ത്തു. യു.കെ മലയാളിയായ യുവ സംരംഭകന്‍ സുഭാഷ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ടൈഗേഴ്‌സാണ് സീസണ്‍ ആറിന്റെ മുഖ്യ സ്‌പോണ്‍സര്‍. രാവിലെ നടന്ന മത്സരത്തില്‍ കിങ് മേക്കേഴ്‌സ്, സിനി വാര്യേഴ്‌സ് ഇലവണിനെ നേരിട്ടു. മത്സരത്തില്‍ കിങ് മേക്കേഴ്‌സ് 118 റണ്‍സിന് ജയിച്ചു.  ടോസ് നേടിയ വാരിയേഴ്‌സ് എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

15 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ കിങ് മേക്കേഴ്‌സ് 191 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിനിവാര്യേഴ്‌സ് 73 റണ്‍സിന് പുറത്തായി. 63 റണ്‍സെടുത്ത നോയല്‍ ബെന്‍ ആണ് കളിയിലെ താരം. കൊറിയോഗ്രാഫേഴ്‌സും മോളിവുഡ് സൂപ്പര്‍ ജയന്റ്‌സും തമ്മില്‍ നടന്ന രണ്ടാം മത്സരത്തില്‍ പത്ത് വിക്കറ്റിന് കൊറിയോഗ്രാഫേഴ്‌സ് വിജയിച്ചു. അജിത് വാവയാണ് മാന്‍ ഓഫ് ദി മാച്ച്. ഡബ്ല്യുഐഎഫ്ടി കേരളഡയറക്ടേഴ്‌സ് ഇലവണും പ്ലേ വെല്‍ സ്‌പോര്‍ട്‌സ് ഇന്‍ഡ്യന്‍ ആഡ്ഫിലിം മേക്കേഴ്‌സ് തമ്മില്‍ കൊമ്പുകോര്‍ത്ത മൂന്നാമത്തെ മത്സരത്തില്‍ കേരള ഡയറക്ടേഴ്‌സ് 53 റണ്‍സിന് വിജയിച്ചു.  ആദ്യം ബാറ്റ് ചെയ്ത കേരള ഡയറക്ടേഴ്‌സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്ലേ വെല്‍ സ്‌പോര്‍ട്‌സിന്റെ റണ്‍ വേട്ട 117 ല്‍ ഒതുങ്ങി. ലാല്‍ജിത്ത് ലാവ്‌ളിഷ് ആണ് മത്സരത്തിലെ താരം. അവസാനം നടന്ന മത്സരത്തില്‍ റോയല്‍ സിനിമ സ്‌ട്രൈക്കേഴ്‌സിനെ എംഎഎ ഫൈറ്റേഴ്‌സ് പത്ത് വിക്കറ്റിന് തോല്‍പ്പിച്ചു. പുത്തന്‍ താരങ്ങളെയും ടീമുകളെയും സ്‌പോണ്‍സര്‍മാരെയും സൃഷ്ടിച്ചുകൊണ്ട് സാമ്പത്തിക സ്വയംപര്യാപ്തമായ ക്രിക്കറ്റ് ആരാധകരുടെ വലിയ സമൂഹത്തെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സുഭാഷ് മാനുവല്‍ ബ്ലൂ ടൈഗേഴ്‌സ് സംരംഭത്തിന് തുടക്കം കുറിച്ചത്. പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗമായതോടെ ബ്ലൂ ടൈഗേഴ്‌സിന്റെ പ്രസക്തി വര്‍ദ്ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെലിബ്രിറ്റി ക്രിക്കറ്റിന്റെയും ഭാഗമായി ബ്ലൂടൈഗേഴ്‌സ് മാറിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *