‘നീല പെട്ടി എന്റെ വണ്ടിയിൽ നിന്നാണ് എടുത്തത്; ഒരു രൂപ അതിലുണ്ടെങ്കിൽ പ്രചാരണം നിർത്താം’: രാഹുൽ മാങ്കൂട്ടത്തിൽ

0

 

പാലക്കാട്∙ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫെനി നൈനാനാണ് ട്രോളി ബാഗിൽ കള്ളപ്പണം കൊണ്ടുവന്നതെന്ന ആരോപണം നിഷേധിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. ഫെനി മുറിയിൽ വരുന്നതിന് എന്താണ് കുഴപ്പം. അദ്ദേഹത്തിന് തിരഞ്ഞെടുപ്പ് ചുമതലയുണ്ട്. താമസിക്കുന്നതും അതേ ഹോട്ടലിലാണെന്നും രാഹുൽ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ആരോപണമുയർന്ന നീല നിറത്തിലുള്ള ട്രോളി ബാഗും അദ്ദേഹം മാധ്യമങ്ങളെ കാണിച്ചു. ‘‘സിസിടിവി ദൃശ്യങ്ങളുണ്ടെങ്കിൽ സിപിഎം പ്രദർശിപ്പിക്കട്ടെ.

ഞാൻ മുന്നിലെ വാതിലിലൂടെ കയറിപ്പോകുന്നതും ഇറങ്ങുന്നതും അവർ പ്രദർശിപ്പിക്കട്ടെ. അങ്ങനെയൊരു ദൃശ്യമുണ്ടെങ്കിൽ ഞാൻ എന്റെ പ്രചരണം നിർത്താം. ഈ പെട്ടിക്കകത്ത് ഒരു രൂപയുണ്ടായിരുന്നെന്ന് തെളിയിച്ചാൽ ഞാൻ എന്റെ പ്രചരണം നിർത്താം. ഇത്രയും ദിവസത്തെ പ്രചാരണം മതി. ഹോട്ടലിൽ പെട്ടിയുമായാണ് സാധാരണ പോകാറുള്ളത്. അല്ലാതെ എങ്ങനെ പോകാനാണ്. നീല പെട്ടി എന്റെ വണ്ടിയിൽ നിന്നാണ് എടുത്തത്. ബോർഡ് റൂമിൽ വച്ച് പെട്ടി തുറന്നിട്ടുമുണ്ട്. വസ്ത്രങ്ങൾ നോക്കാനായാണ് ഫെനി അത് അവിടെ എത്തിച്ചത്.

അത് നോക്കിയ ശേഷം പെട്ടി തിരിച്ചു വിടുകയും ചെയ്തു.  പെട്ടി പൊലീസിന് പരിശോധന നടത്താൻ കൊടുക്കാൻ തയാറാണ്’’ –രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ‘‘യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കള്ളപ്പണം ഇടപാട് നടത്തിയതിന് പരാതി നൽകിയത് സിപിഎമ്മാണ് എന്ന് ആദ്യം എ.എ.റഹീം പറഞ്ഞു. എന്നാൽ അവരുടെ മുറികളിലും പരിശോധന നടത്തിയെന്നും പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി കള്ളപ്പണ ഇടപാട് നടത്തിയതിന് എന്തിനാണ് സിപിഎമ്മുകാരുടെ മുറിയിൽ പരിശോധന നടത്തുന്നത്’’–രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *