“അദ്ദേഹം വിദേശത്ത് ഇന്ത്യയെ വിമർശിക്കുന്നു” എന്ന രാഹുൽ ഗാന്ധിയുടെ യുഎസ് പരാമർശത്തിനെതിരെ ബിജെപി രൂക്ഷമായി വിമർശിച്ചു.

0

ന്യൂഡൽഹി ∙ യുഎസ് പര്യടനം നടത്തുന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി. ഇന്ത്യയെ ആക്ഷേപിക്കാനാണു രാഹുൽ വിദേശയാത്ര നടത്തുന്നതെന്നു കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ആരോപിച്ചു. ആർഎസ്എസിന് എതിരായ പരാമർശത്തിന്റെ പേരിലാണു രാഹുലിനെതിരെ ബിജെപി ആക്രമണം.

‘‘ആർഎസ്എസിനെ പറ്റി മനസ്സിലാക്കാൻ രാഹുൽ ഗാന്ധിക്ക് ഈ ജന്മം മതിയാകില്ല. അത് അറിയണമെങ്കിൽ രാഹുൽ പല ജന്മം ജനിക്കണം. രാജ്യദ്രോഹിക്ക് ഒരിക്കലും ആർഎസ്എസ് എന്താണെന്ന് അറിയില്ല. വിദേശത്തു ചെന്ന് ഇന്ത്യയെ വിമർശിക്കുന്നവർക്ക് ആർഎസ്‌എസിനെ മനസ്സിലാകില്ല. ഇന്ത്യയെ ആക്ഷേപിക്കാൻ മാത്രമാണു രാഹുൽ വിദേശത്തു പോകുന്നത്. ഇന്ത്യയുടെ മൂല്യങ്ങളിൽനിന്നും സംസ്കാരത്തിൽ നിന്നുമാണ് ആർഎസ്എസ് ജനിച്ചത്.’’– ഗിരിരാജ് സിങ് പറഞ്ഞു.

യുഎസിലെ ടെക്സസിൽ ഇന്ത്യൻ സമൂഹവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ, ആർഎസ്എസ് ഇന്ത്യയെ ഒറ്റ ആശയത്തിലേക്കു ചുരുക്കുകയാണെന്നും ബഹുസ്വരതയിലാണു കോൺഗ്രസ് വിശ്വസിക്കുന്നതെന്നും രാഹുൽ പറഞ്ഞിരുന്നു. വീടുകളിൽ ഭക്ഷണമുണ്ടാക്കുകയാണു സ്ത്രീകളുടെ ജോലിയെന്നാണ് ബിജെപിയും ആർഎസ്എസും കരുതുന്നത്. എല്ലാ മേഖലയിലും സ്ത്രീകൾ നയിക്കട്ടെ എന്നാണു കോൺഗ്രസിന്റെ ആഗ്രഹം. ഇന്ത്യയുടെ പ്രധാനമന്ത്രി ഭരണഘടനയെ ആക്രമിക്കുകയാണെന്നു ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്കു വ്യക്തമായെന്നാണു ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും രാഹുൽ പറഞ്ഞു.

ഭാരത് ജോഡോ യാത്രയാണു സ്നേഹത്തിന്റെ രാഷ്ട്രീയം അവതരിപ്പിച്ചതെന്നും രാഹുൽ അഭിപ്രായപ്പെട്ടു. ‘‘എല്ലാ തരത്തിലുമുള്ള ആശയവിനിമയ സാധ്യതകളും അടച്ചതാണു ഭാരത് ജോഡോ യാത്ര തുടങ്ങാൻ കാരണം. ഞങ്ങൾ പാർലമെന്റിൽ പറഞ്ഞ കാര്യങ്ങൾ ടെലിവിഷനിൽ കാണിച്ചില്ല. എന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ യാത്ര പൂർണമായി മാറ്റി. ജനങ്ങളുമായി ആശയവിനിമയം നടത്തുന്ന രീതിയും അവരെ കേൾക്കുന്ന രീതിയുമെല്ലാം മാറി. രാജ്യത്ത് ആദ്യമായി സ്നേഹത്തിന്റെ രാഷ്ട്രീയം അവതരിപ്പിക്കാനായി. ലോകത്തുതന്നെ ഈ രീതി വിരളമായിരുന്നു’’– രാഹുൽ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *