‘ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തും; ശബരിമലയിൽ സ്പോട്ട് ബുക്കിങ് പുനഃസ്ഥാപിക്കണം’
പത്തനംതിട്ട∙ ശബരിമലയിൽ സ്പോട്ട് ബുക്കിങ് നിർത്തിയ തീരുമാനം പിൻവലിക്കണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി. സ്പോട്ട് ബുക്കിങ് പുനഃസ്ഥാപിക്കാതെ വെർച്വൽ ക്യൂ സംവിധാനവുമായി മുന്നോട്ടുപോയാൽ ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുമെന്നും ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. സ്പോട്ട് ബുക്കിങ് നിർത്തണമെന്നാണു സർക്കാർ നിലപാട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സ്പോട്ട് ബുക്കിങ് നിർത്താൻ തീരുമാനിച്ചത്. ഇന്നലെ ദേവസ്വം ബോർഡ് യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തെങ്കിലും തീരുമാനം സർക്കാരിനു വിടുകയായിരുന്നു.
സ്പോട്ട് ബുക്കിങ് പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ ചർച്ചകൾ നടക്കുമെന്ന സൂചനയാണ് ഇന്നലെ വാർത്താ സമ്മേളനത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് നൽകിയത്. മാലയിട്ട് എത്തുന്ന ഒരു ഭക്തനും ദർശനം ലഭിക്കാത്ത സാഹചര്യമുണ്ടാകില്ലെന്നാണു ദേവസ്വം ബോർഡ് പറയുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു ഓൺലൈൻ ബുക്കിങ് വഴി ദിവസവും 80,000 പേർക്കു വീതം ദർശനം നൽകാൻ തീരുമാനിച്ചത്. സുരക്ഷാ കാരണങ്ങളാലാണ് സ്പോട്ട് ബുക്കിങ് നിർത്തിയതെന്നാണ് ബോർഡിന്റെ വാദം.
ശബരിമലയിൽ സ്പോട്ട് ബുക്കിങ് ഒഴിവാക്കുന്നത് അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ശബരിമലയിൽ സ്പോട്ട് ബുക്കിങ് അനുവദിക്കില്ലെന്ന ദേവസ്വം ബോർഡ് നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇത് ശബരിമലയെ തകർക്കാൻ ലക്ഷ്യമിട്ടാണെന്നും അംഗീകരിക്കാൻ ബിജെപി ഒരുക്കമല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.