‘പെൺമക്കളെ രക്ഷിക്കുക’ എന്നതിന് പകരം ‘കുറ്റവാളികളെ രക്ഷിക്കുക’ എന്നത് BJP നയം: ഖാർഗെ
ന്യൂഡല്‍ഹി: ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ പദ്ധതിയുടെ പത്താം വാർഷിക വേളയിൽ പെൺമക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നത് നമുക്കിനിയും തുടരാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ്. ഭരണകക്ഷിയായി ബിജെപി ‘പെൺമക്കളെ രക്ഷിക്കുക’ എന്നതിന് പകരം ‘കുറ്റവാളികളെ രക്ഷിക്കുക’ എന്ന നയം എന്തിനാണ് സ്വീകരിച്ചതെന്ന് കോണ്‍ഗ്രസ് ചോദിച്ചു.
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയാണ് മോദിക്കെതിരെയും ബിജെപി സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ബേട്ടി ബച്ചാവോയുടെ പത്ത് വർഷങ്ങൾ പിന്നിടുമ്പോള്‍ മോദിയോടുള്ള തങ്ങളുടെ മൂന്ന് ചോദ്യങ്ങളെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ കോണ്‍ഗ്രസ് പ്രസിഡന്‍റ് വിമര്‍ശിച്ചത്. ‘പെൺമക്കളെ രക്ഷിക്കുക’ എന്നതിന് പകരം ‘കുറ്റവാളികളെ രക്ഷിക്കുക’ എന്ന നയം ബിജെപി സ്വീകരിച്ചത് എന്തുകൊണ്ട്? മണിപ്പൂരിലെ സ്‌ത്രീകൾക്കും ഹത്രാസിലെ ദളിത് പെണ്‍കുട്ടിക്കും ഉന്നാവോയിലെ പെണ്‍കുട്ടിക്കും, നമ്മുടെ രാജ്യത്തിന്‍റെ അഭിമാനമായ വനിതാ ഗുസ്‌തി താരങ്ങള്‍ക്കും എന്ന് നീതി ലഭിക്കും? എന്തുകൊണ്ടാണ് ബിജെപി എപ്പോഴും കുറ്റവാളികളെ സംരക്ഷിക്കുന്നത്?” എന്ന് ഖാര്‍ഗെ ചോദിച്ചു.
രാജ്യത്ത് ഓരോ മണിക്കൂറിലും സ്‌ത്രീകൾക്കെതിരെ 43 കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.