കോൺഗ്രസ് എംപി ശശി തരൂരിന് ബിജെപി നേതാവിന്റെ പിന്തുണ

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട നിലപാടിന്റെ പേരിൽ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ വിമർശനം നേരിടുന്ന കോൺഗ്രസ് എംപി ശശി തരൂരിന് പിന്തുണയുമായി ബിജെപി നേതാവ്. കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് ശശി തരൂരിനെ പിന്തുണച്ച് രംഗത്തെത്തിയത്. കോൺഗ്രസ് പാർട്ടിക്ക് എന്താണ് വേണ്ടത്. അവർക്ക് രാജ്യത്തോട് എത്രമാത്രം കരുതലുണ്ട്. ഇന്ത്യൻ എംപിമാർ വിദേശത്ത് പോയി ഇന്ത്യയ്ക്കും പ്രധാനമന്ത്രിക്കും എതിരെ സംസാരിക്കണമെന്നാണോ അവർ പറയുന്നതെന്നും രാഷ്ട്രീയ നിരാശയ്ക്ക് പരിധിയുണ്ടെന്നും – റിജിജു കുറിച്ചു.
പനാമയിൽ തരൂരിന്റെ പ്രസംഗത്തിനെതിരെ കോൺഗ്രസ് നേതാവ് ഉദിത് രാജ് രൂക്ഷവിമർശനമുന്നയിച്ചിരുന്നു. പിന്നാലെയാണ് റിജിജു രംഗത്ത് വന്നത്. കോൺഗ്രസ് എംപി ശശി തരൂർ ബിജെപിയുടെ സൂപ്പർ വക്താവാണെന്നാണ് കോൺഗ്രസ് നേതാവ് ഉദിത് രാജിന്റെ വിമർശനം. പ്രധാനമന്ത്രി മോദിയെയും സർക്കാരിനെയും അനുകൂലിച്ച് ബിജെപി നേതാക്കൾ പറയാത്തത് ശശി തരൂർ പറയുന്നു. മുൻ സർക്കാരുകൾ എന്തായിരുന്നു ചെയ്തിരുന്നതെന്ന് അദ്ദേഹത്തിന് അറിയാമോയെന്നും ഉദിത് രാജ് ചോദ്യം ഉന്നയിച്ചു.
സർവകക്ഷി സംഘത്തിലേക്ക് കോൺഗ്രസ് ശുപാർശ ചെയ്ത പേരുകളിൽ ശശി തരൂർ ഉണ്ടായിരുന്നില്ല. എന്നാൽ കേന്ദ്രം നേരിട്ട് അദ്ദേഹത്തെ തെരഞ്ഞെടുക്കുകയായിരുന്നു. ഈ വിഷയത്തിൽ കോൺഗ്രസിന് അതൃപ്തിയുണ്ടായിരുന്നു. 26 സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം തുടച്ചുമാറ്റിയതിന് തിരിച്ചടി നൽകിയതാണ് ഓപ്പറേഷൻ സിന്ദൂർ എന്ന് പനാമയിൽ ശശി തരൂർ പറഞ്ഞിരുന്നു. മുംബൈയിലെ 26/11 ആക്രമണത്തോടുള്ള ഇന്ത്യയുടെ പ്രതികരണത്തെ അദ്ദേഹം സൂചിപ്പിച്ചു. ഇതാണ് കോൺഗ്രസിനെ ചൊടിപ്പിച്ച പ്രധാന കാരണം.