പ്രിയങ്ക ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്
ന്യുഡൽഹി :പ്രിയങ്ക ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ് രമേശ് ബിധൂരി. ഡല്‍ഹിയിലെ കല്‍ക്കാജിയിലെ ബിജെപി സ്ഥാനാര്‍ഥിയാണ് ബുധൂരി. കല്‍ക്കാജിയില്‍ നിന്ന് താന്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കയുടെ കവിളുകള്‍ പോലെ മിനുസമാര്‍ന്നതാക്കും എന്നായിരുന്നു പ്രഖ്യാപനം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബിധൂരിയുടെ മോശം പരാമര്‍ശം.പരാമര്‍ശത്തിനെതിരെ കോണ്ഗ്രസുംആംആദ്മിയും രംഗത്തെത്തി. ബിജെപി സ്ത്രീവിരുദ്ധ പാര്‍ട്ടി എന്ന അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബിധൂരിയുടെ വൃത്തികെട്ട മനോഭാവമാണ് പുറത്തുവന്നതെന്നും വിമര്‍ശനമുണ്ട്.ബിജെപിക്ക് സ്ത്രീകളോടുള്ള ബഹുമാനം എത്രത്തോളം എന്ന് വ്യക്തമാക്കുന്നതാണ് പരാമര്‍ശം എന്ന് ആം ആദ്മിയും പ്രതികരിച്ചിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് മുന്‍ എംപി കൂടിയായ ബിധുരിയുടെ സ്ഥാനാര്‍ത്ഥിത്വം ബിജെപി പ്രഖ്യാപിച്ചത്. താന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയതായി ബിധൂരി സമ്മതിച്ചിട്ടുണ്ട്. ബിജെപി നേതാവ് ഹേമ മാലിനിയെ കുറിച്ച് ലാലു പ്രസാദ് യാദവ് സമാനമായ പരാമര്‍ശം നടത്തിയിരുന്നുവെന്ന് രമേശ് ബിധൂരി ചൂണ്ടിക്കാട്ടി. ഇന്ന് കോണ്‍ഗ്രസിന് പ്രസ്താവനയില്‍ വേദനിക്കുന്നുവെങ്കില്‍, ഹേമാജിയുടെ കാര്യമോ? പ്രശസ്ത നായികയായ അവര്‍ സിനിമകളിലൂടെ ഇന്ത്യയ്ക്ക് പ്രശസ്തി നേടിക്കൊടുത്ത വ്യക്തിയാണ്. താന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ അന്ന് ലാലു പറഞ്ഞതും തെറ്റാണെന്ന് സമ്മതിക്കണം ബിധൂരി വ്യക്തമാക്കി.