ബിജെപി നേതാവിനെ തലകുമ്പിട്ട് വണങ്ങി കലക്ടർ; 7 സെക്കൻഡിൽ 5 തവണ: വ്യാപക വിമർശനം
ജയ്പുർ∙ ബിജെപി നേതാവ് സതിഷ് പൂനിയയെ നിരവധി തവണ തലകുമ്പിട്ട് അഭിവാദ്യം ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥ ടിന ഡാബയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം. രാജസ്ഥാൻ ബാർമർ ജില്ലയിലെ കലക്ടറായ ടിന ഏഴു സെക്കൻഡുകൾക്കുള്ളിൽ അഞ്ചുതവണയാണ് സതീഷിനു മുന്നിൽ തലകുമ്പിട്ടത്. തുടർന്ന്, ജില്ലയിൽ കലക്ടർ നടത്തുന്ന ശുചീകരണ പരിപാടിയെ സതീഷ് അഭിനന്ദിച്ചു. ആളുകളെ ഭീഷണിപ്പെടുത്തിയാണ് ശുചിത്വം പാലിക്കാൻ ആവശ്യപ്പെടുന്നതെങ്കിലും നിങ്ങൾ ചെയ്യുന്നത് നല്ല കാര്യമാണെന്നാണ് നേതാവ് പറഞ്ഞത്. ഇതിനോടും കൈകൂപ്പി നന്ദി പറഞ്ഞുകൊണ്ടാണ് ടിന പ്രതികരിച്ചത്. എന്നാൽ ഒരു രാഷ്ട്രീയ നേതാവിനെ ഒന്നിലധികം തവണ അഭിവാദ്യം ചെയ്യേണ്ട ആവശ്യം ഒരു ഐഎഎസ് ഉദ്യോഗസ്ഥയ്ക്കുണ്ടോ എന്നു ചോദിച്ചു കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നത്. ‘എന്തിനാണ് ഈ പെൺകുട്ടി ഇത്രയേറെ തവണ രാഷ്ട്രീയ നേതാവിനെ വണങ്ങുന്നത്?’, ‘ഇത് ഒരു ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് ചേർന്ന പ്രവൃത്തിയല്ല’ തുടങ്ങി നിരവധി പ്രതികരണങ്ങളാണ് വിഡിയോയ്ക്ക് താഴെ.