ബിജെപി സ്ഥാനാർഥി കരണ്‍ ഭൂഷന്‍ സിങ്ങിന്‍റെ വാഹനവ്യൂഹം ഇടിച്ചുകയറി 2 യുവാക്കള്‍ മരിച്ചു
ലഖ്നൗ: ബിജെപി സ്ഥാനാര്‍ഥിയും ബ്രിജ്ഭൂഷന്‍ സിങ്ങിന്‍റെ മകനുമായ കരണ്‍ ഭൂഷന്‍ സിങ്ങിന്‍റെ വാഹനവ്യൂഹത്തിലെ കാര്‍ ഇടിച്ചുകയറി 2 യുവാക്കള്‍ മരിച്ചു. വഴിയാത്രക്കാരിയായ ഒരു സ്ത്രീക്കും ഗുരുതര പരിക്കുണ്ട്. ബൈക്ക് യാത്രികരായ ഷെഹ്സാദ് ഖാന്‍ (24), റെഹാന്‍ ഖാന്‍ (19) എന്നിവരാണ് മരിച്ചത്. വാഹനം പിടിച്ചെടുത്തതായും ഡ്രൈവറെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.
ബുധനാഴ്ച രാവിലെ കരണ്‍ സിങ്ങിന്‍റെ വാഹനവ്യൂഹം കര്‍ണാല്‍ഗഞ്ചിലൂടെ കടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. വാഹനവ്യൂഹത്തില്‍ നാല് വാഹനങ്ങളാണ് ഉണ്ടായിരുന്നത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ ബൈക്കിലുണ്ടായവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഇരുവരെയും ഇടിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡ് സൈഡിലൂടെ നടന്നുപോവുകയായിരുന്ന സീതാദേവിയെ (60) ഇടിക്കുകയായിരുന്നുവെന്ന് കെര്‍ണാല്‍ഗഞ്ച് എസ്എച്ച്ഒ നിര്‍ഭയ് നാരായണ്‍ സിങ് പറഞ്ഞു. സീതാദേവിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിനിടയാക്കിയ കാറും ഡ്രൈവര്‍ ലുവ്കുഷ് ശ്രീവാസ്താവേയും പൊലീസ് കസ്റ്റഡിയിലെടുത്തു