ബിജെപി സ്ഥാനാർഥികൾ ഇന്ന്; പാലക്കാട്ട് നറുക്ക് വീഴുക സി.കൃഷ്ണകുമാറിനോ ശോഭാ സുരേന്ദ്രനോ?
കോട്ടയം∙ ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കും. ഇന്ന് വൈകീട്ടോടെ ബിജെപി ദേശീയ നേതൃത്വം സ്ഥാനാർഥികളെ പ്രഖ്യാപിക്കും. വയനാട് ലോക്സഭയ്ക്ക് പുറമെ, ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, ചേലക്കര നിയമസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയും ഇന്ന് പ്രഖ്യാപിക്കുമെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ പറഞ്ഞു.‘‘ചേലക്കരയിൽ ഇത്തവണ മൂന്നു പേരുകളാണ് സംസ്ഥാന നേതൃത്വം നൽകിയിരിക്കുന്നത്. മുൻപ് ഇവിടെ നിന്നു മത്സരിച്ച ഷാജുമോൻ വട്ടേക്കാട്, ആലത്തൂർ ലോകസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്ന ടി.എൻ.സരസു ടീച്ചർ, ബാലകൃഷ്ണൻ എന്നിവരുടെ പേരുകളാണ് നൽകിയിരിക്കുന്നത്. പാലക്കാട് സി. കൃഷ്ണകുമാറിന്റെയും ശോഭാ സുരേന്ദ്രന്റെയും പേരുകളാണ് പരിഗണിക്കുന്നത്. വയനാട് ലോകസഭയിലേക്ക് രണ്ടു പേരുടെ പേരുകളാണ് സംസ്ഥാന നേതൃത്വം നൽകിയിരിക്കുന്നത്.’’ – ബി.ഗോപാലകൃഷ്ണൻ മനോരമ ഓൺലൈനോട് പ്രതികരിച്ചു.