ബിജെപിയും ഡിഎംകെയും ഫാസിസ്റ്റുകള്‍ :തമിഴക വെട്രി കഴകം

ചെന്നൈ: ത്രിഭാഷാ നയം, മണ്ഡല പുനര്‍ നിർണയം, മത്സ്യ തൊഴിലാളി പ്രശ്‌നങ്ങൾ തുടങ്ങി 17 വിഷയങ്ങളില്‍ പ്രമേയം പാസാക്കി വിജയ്‌യുടെ തമിഴക വെട്രി കഴകം പാര്‍ട്ടി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ എല്ലാ വീടുകളിലും എത്തി പ്രചാരണം നടത്തണമെന്ന് പാർട്ടി പ്രവർത്തകരോട് വിജയ് ആഹ്വാനം ചെയ്‌തു. ഭരണകക്ഷിയായ ഡിഎംകെയ്ക്ക് ബദലാകും തന്റെ പാർട്ടിയെന്നും വിജയ് പ്രഖ്യാപിച്ചു.
കേന്ദ്രത്തിന്‍റെ ത്രിഭാഷാ നയം അടിച്ചേൽപ്പിക്കുന്നതിനെ പ്രമേയം അപലപിച്ചു. എല്ലാ ഭാഷകളെയും ബഹുമാനിക്കണമെന്നും രാഷ്‌ട്രീയ പ്രേരിതമായി അന്യഭാഷ അടിച്ചേൽപ്പിക്കുന്നതിനെ എതിർക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. ഏതൊരു വ്യക്തിക്കും അവരുടെ വ്യക്തിപരമായ ആഗ്രഹ പ്രകാരം ഏത് സ്‌കൂളിലും ഏത് ഭാഷയും പഠിക്കാനുള്ള അവസരമുണ്ടാകണമെന്നും പ്രമേയത്തില്‍ പറയുന്നു.
കേന്ദ്ര സർക്കാരിന്‍റെ നയം ഫെഡറലിസത്തെ ആക്രമിക്കുകയും സംസ്ഥാനത്തിന്‍റെ സ്വയംഭരണം, ഭാഷാ നയം, വിദ്യാഭ്യാസ നയം എന്നിവയ്ക്ക് എതിർക്കുകയും ചെയ്യുന്നു. ത്രിഭാഷാ നയം അടിച്ചേൽപ്പിക്കുന്നതിൽ ഉറച്ചു നിൽക്കുന്ന കേന്ദ്ര സർക്കാരിനെ ഞങ്ങൾ അപലപിക്കുന്നു. സംസ്ഥാനം അതിന്‍റെ ദ്വിഭാഷാ നയത്തിൽ മാത്രം എന്നെന്നും ഉറച്ചു നിൽക്കുമെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.
മണ്ഡല പുനര്‍ നിര്‍ണയം സംസ്ഥാനങ്ങൾക്കിടയിൽ അസമത്വങ്ങൾ സൃഷ്‌ടിക്കുമെന്ന് പാർട്ടി പറഞ്ഞു. അതിനാൽ, നിലവിലുള്ള 543 സീറ്റുകളുടെ എണ്ണം എന്നെന്നേക്കുമായി തുടരണമെന്ന് പ്രമേയത്തില്‍ പറഞ്ഞു. വടക്കൻ സംസ്ഥാനങ്ങൾക്കുള്ള സീറ്റുകളുടെ എണ്ണത്തിലെ വർദ്ധനവിനെക്കുറിച്ചും തമിഴ്‌നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ആനുപാതികമായി നഷ്‌ടം സംഭവിക്കുന്നത് നല്ലതല്ലെന്നും പ്രമേയത്തിൽ പറയുന്നു. കേന്ദ്ര വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന് പാർട്ടി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ബില്‍ മുസ്ലീങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
അയൽ രാജ്യമായ ശ്രീലങ്ക തമിഴ്‌നാട്ടിലെ മത്സ്യ തൊഴിലാളികൾക്കെതിരെ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങൾ സംബന്ധിച്ച പ്രമേയവും പാർട്ടി പാസാക്കിയിട്ടുണ്ട്. ഗുജറാത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും മത്സ്യ തൊഴിലാളികൾക്ക് തുല്യമായി തമിഴ് നാട്ടിലെ മത്സ്യ തൊഴിലാളികളെയും പരിഗണിക്കണമെന്ന് പ്രമേയത്തില്‍ പറയുന്നു.
കഴിഞ്ഞ 40 വർഷത്തിനിടെ തമിഴ്‌നാട്ടിൽ നിന്നുള്ള 800-ലധികം മത്സ്യ തൊഴിലാളികൾ ശ്രീലങ്കൻ നാവിക സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. മുൻകാല സർക്കാരുകളൊന്നും തന്നെ മത്സ്യ തൊഴിലാളികളുടെ പ്രശ്‌നത്തിന് ഒരു ശാശ്വത പരിഹാരം കണ്ടെത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. തമിഴ് മത്സ്യ തൊഴിലാളികളെ മറ്റുള്ളവരെപ്പോലെ പരിഗണിക്കുന്ന ഒരു ശാശ്വത പരിഹാരം കൊണ്ടുവരണമെന്ന് പ്രധാനമന്ത്രിയോട് പാര്‍ട്ടി ആവശ്യപ്പെട്ടു.
കേന്ദ്രത്തിൽ ഭരണത്തിലിരിക്കുന്ന ബിജെപിയെപ്പോലെ ഡിഎംകെയും ഫാസിസ്റ്റാണെന്ന് കുറ്റപ്പെടുത്തിയ വിജയ്, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തന്‍റെ പാർട്ടിയും ഡിഎംകെയും തമ്മിലുള്ള ഒരു ദ്വിമുഖ മത്സരമായിരിക്കും എന്നും പറഞ്ഞു. പുതിയ പറണ്ടൂർ വിമാനത്താവള പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് പ്രമേയത്തിൽ നിർദേശിച്ചു.
കർഷക സൗഹൃദമാണെന്ന് അവകാശപ്പെടുന്ന സർക്കാർ നിലവിലെ ബജറ്റിൽ വിമാനത്താവള പദ്ധതി ത്വരിതപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത് അത്ഭുതകരമാണെന്ന് പ്രമേയത്തില്‍ പറയുന്നു. ഇത് ജനവിരുദ്ധവും കർഷക വിരുദ്ധവുമാണെന്ന് പ്രമേയം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തമിഴ്‌നാടിനോട് എന്തിനാണ് അലർജി എന്ന് വിജയ് പ്രസംഗത്തില്‍ ചോദിച്ചു.
തമിഴ്‌നാട് സര്‍ക്കാരിനെയും വിജയ് വിമര്‍ശിച്ചു. ടിവികെ ആസൂത്രണം ചെയ്‌ത ഓരോ മീറ്റിങ്ങിനും സര്‍ക്കാര്‍ തടസങ്ങൾ സൃഷ്‌ടിക്കുകയാണ്. കേന്ദ്രത്തിൽ ഭരണത്തിലിരിക്കുന്ന ബിജെപിയെ ഫാസിസ്റ്റ് എന്ന് വിളിച്ചുക്കുമ്പോള്‍ ഡിഎംകെ എന്താണ് സംസ്ഥാനത്ത് ചെയ്യുന്നത് എന്നും വിജയ് ചോദിച്ചു.