“ബിജെപി – വെറുപ്പും വിദ്വേഷവും മാത്രം ഉൽപ്പാദിപ്പിക്കുന്ന ഫാക്റ്ററി “- സന്ദീപ് വാര്യർ
കേരളത്തിലെ സിപിഎമ്മും മുഖ്യമന്ത്രിയുമായി ചേര്‍ന്ന് ബിജെപി നടത്തുന്നത് അഡ്ജസ്റ്റ്‌മെന്റ് പൊളിറ്റിക്സ്
പാലക്കാട് :എല്ലാകാലത്തും വെറുപ്പും വിദ്വേഷവും മാത്രം ഉൽപ്പാദിപ്പിക്കുന്ന ഫാക്റ്ററിയായി നിലകൊള്ളുന്ന ഒരു പ്രസ്ഥാനത്തിൽ നിന്ന് സ്നേഹവും കരുതലും പ്രതീക്ഷിച്ചതാണ് തനിക്കു പറ്റിയ തെറ്റെന്നും ഒരു സംഘടനയിലെ സഹപ്രവർത്തകരിൽ നിന്ന് ലഭിക്കേണ്ടതായ ഒരു പിന്തുണയോ സഹകരണമോ തനിക്കൊരിക്കിലും ലഭിച്ചിരുന്നില്ല എന്നും ബിജെപി വിട്ട് കോൺഗ്രസ്സിൽ ചേർന്ന സന്ദീപ് വാര്യർ.താൻ കോൺഗ്രസ്സുകാരാനാകാനുള്ള കാരണം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും സംഘവുമാണെന്നും വാര്യർ കുറ്റപ്പെടുത്തി.
കഴിഞ്ഞ ഒരു വർഷമായി ബിജെപിക്കുള്ളിൽ താൻ നേരിട്ടത് കടുത്ത ഒറ്റപ്പെടുത്തലും വേട്ടയാടലുമായിരുന്നെന്ന് പറഞ്ഞ വാര്യർ , തന്നെ ഒറ്റുകൊടുത്തവൻ,ബലിദാനികളെ മറന്നവൻ എന്ന് പറയുന്നവരോട് , “പാർട്ടിയുടെ ചരിത്രത്തിൽ ഇന്നുവരെ കാണാത്ത ,ഒരു ബലിദാനിയുടെ ഫോട്ടോയ്‌ക്കൊപ്പം സ്ഥാനാര്‍ഥിയുടെ ഫോട്ടോകൂടി വെച്ച് വോട്ട് തേടുന്ന നിലയിലേക്ക് എന്നുമുതലാണ് ബിജെപിതരം താഴ്ന്നുപോയതെന്ന് ” എന്ന ചോദ്യംഉന്നയിച്ചു. ബലിദാനിയായ ശ്രീനിവാസന്റെ ഫോട്ടോവെച്ച് വോട്ടുതേടുന്ന അവസ്ഥയിലേക്ക് എന്നുമുതലാണ് ഈ സംഘടന എത്തിച്ചേർന്നതെന്ന ചോദ്യം
പ്രവര്‍ത്തകര്‍ തലപ്പത്തിരിക്കുന്നവരോട് ചോദിക്കണം എന്നും അദ്ദേഹം പറഞ്ഞു.
“കേരളത്തിലെ സിപിഎമ്മും മുഖ്യമന്ത്രിയുമായി ചേര്‍ന്ന് ബിജെപി നടത്തുന്ന അഡ്ജസ്റ്റ്‌മെന്റ് പൊളിറ്റിക്‌സിനെതിരേ നിലപാടെടുത്തു എന്നതാണ് ഞാൻ ചെയ്ത കുറ്റം, കരിവന്നൂരും കൊടകരയും തമ്മിൽ പരസ്പരം വെച്ചുമാറുന്നതിനെ എതിര്‍ത്തുവെന്നതാണ് ഞാൻ ചെയ്ത കുറ്റം, കൊടകര കുഴൽപ്പണ കേസ് പ്രതി ധര്‍മ്മ രാജന്റെ കോൾ ലിസ്റ്റിൽ പേരില്ലാതെ പോയി എന്നുള്ളതാണ് ഞാൻ ചെയ്ത കുറ്റം . അതുകൊണ്ട് ആ കുറ്റങ്ങളൊരു കുറവാണെങ്കിൽ ആ കുറവ് അംഗീകരിച്ചു കൊണ്ട് ഇനി മുതൽ സ്നേഹത്തിന്റെ കട യില്‍ അംഗത്വമെടുക്കുകയാണ് താൻ “- ആശയപരമായ തൻ്റെ നിലപാട് മാറ്റത്തെ മാധ്യമങ്ങൾക്കുമുന്നിൽ വിശദീകരിച്ചു കൊണ്ട് സന്ദീപ് വാര്യർ പറഞ്ഞു.
വ്യക്തിപരമായി ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റിന്റെ പേരിൽ ഒരു വര്‍ഷക്കാലം നടപടി നേരിട്ടു.സ്വതന്ത്രമായി അഭിപ്രായം പറയാനോ മനുഷ്യപക്ഷത്തുനിന്ന് സംസാരിക്കാനോ പാർട്ടിക്കുള്ളിൽ തനിക്കു അവകാശമില്ല .താനിന്ന് ഈ നിമിഷം കോൺഗ്രസിന്റെ ത്രിവര്‍ണ്ണ ഷാൾ അണിഞ്ഞ് ഇരിക്കുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം കെ സുരേന്ദ്രനും സംഘത്തിനുമാണെന്നും വാര്യർ പറഞ്ഞു. യുപിഎ ചുമത്തപ്പെട്ടിട്ടും ശ്രീനിവാസൻ വധക്കേസിലെ 17 പ്രതികൾക്ക് ജാമ്യം ലഭിച്ചത് പാർട്ടി പ്രവർത്തകരോടുള്ള ബിജെപി നേതൃത്തത്തിന്റെ ആത്മാർത്ഥതയില്ലായ്മയാണെന്ന് ചൂണ്ടിക്കാട്ടിയ വാര്യർ വെറുപ്പിന്റെ രാഷ്ട്രീയം വിട്ടതിന്റെ ആഹ്ലാദത്തിലാണ് താനെന്നും കോൺഗ്രസ്സിന്റെ ആശയം ഇന്ത്യയിൽ ജനിച്ചു വീണ ഓരോ കുട്ടിയുടെയും ഡിഎൻഎയിൽ ഉള്ളതാണ്. അത് തനിക്ക് ഉൾക്കൊള്ളാൻ ഒരു പ്രയാസവും ഉണ്ടാകില്ലാ എന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
സന്ദീപ് വാര്യർ സ്നേഹത്തിന്റെ രാഷ്ട്രീയത്തിലേക്കാണ് വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നും കെപിസിസി അധ്യക്ഷൻ കെ. സുധാകരനും പറഞ്ഞു.