ബിവറേജസ് ഔട്ട്‍ലെറ്റിൽ സംഘർഷം; സ്വൈപ്പിങ് മെഷീൻ കൊണ്ട് ജീവനക്കാരന്റെ തലയ്ക്കടിച്ചു
കോട്ടയം: കോടിമതയിൽ ബിവറേജസ് കോർപറേഷൻ ഔട്ട്‍ലെറ്റിൽ ആക്രമണം നടത്തിയ കേസിൽ മൂന്നു യുവാക്കൾ അറസ്റ്റിലായി. മദ്യത്തിന്റെ പണം അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഷോപ്പിൽ മദ്യം വാങ്ങാൻ എത്തിയ യുവാക്കളിൽ ഒരാളും ഷോപ്പിലെ ജീവനക്കാരനുമായി പണം അടയ്ക്കുന്നതിനെ ചൊല്ലി വാക്ക് തർക്കം ഉണ്ടായി. വാക്കു തർക്കം സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. യുവാക്കൾ ഷോപ്പിലുണ്ടായിരുന്ന സ്വൈപ്പിങ് മെഷീൻ കൊണ്ട് ജീവനക്കാരന്റെ തലയ്ക്ക് അടിക്കുകയും, മെഷീൻ എറിഞ്ഞു തകർക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പനച്ചിക്കാട് സ്വദേശി അജിത് പി.ഷാജി , സഹോദരൻ അഭിജിത്ത് പി.ഷാജി , ശ്രീജിത്ത് എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ജീവനക്കാരനാണ് പ്രകോപനം ഉണ്ടാക്കിയത് എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഷോപ്പിലെ ജീവനക്കാരുടെ മർദ്ദനത്തിൽ യുവാക്കൾക്കും പരിക്കേറ്റെന്നും പരാതിയുണ്ട്.