‘ബിഷ്ണോയിയോട് ചാറ്റ് ചെയ്യണം, നമ്പർ തരൂ’: സൽമാന്റെ മുൻ കാമുകിയുടെ പോസ്റ്റ് വൈറൽ
മുംബൈ ∙ ബാബ സിദ്ദിഖിയുടെ കൊലപാതകത്തിൽ ആരോപണവിധേയരായ ബിഷ്ണോയി സംഘത്തിന്റെ നേതാവ് ലോറൻസ് ബിഷ്ണോയിയുമായി സൂം മീറ്റിങ് നടത്താൻ താൽപര്യം പ്രകടിപ്പിച്ച് നടൻ സൽമാൻ ഖാന്റെ മുൻ കാമുകിയും സാമൂഹിക പ്രവർത്തകയുമായ സോമി അലി രംഗത്തെത്തി. യുഎസിൽ താമസിക്കുന്ന ഇവർ, സബർമതി സെൻട്രൽ ജയിലിൽ തടങ്കലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയിയുടെ നമ്പർ ചോദിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടു.‘നമസ്കാരം ബിഷ്ണോയ്, ജയിലിൽ കഴിയുമ്പോഴും താങ്കൾ സൂമിൽ പുറംലോകവുമായി ബന്ധപ്പെടുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞു.
താങ്കളുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നു. എങ്ങനെയാണ് അതു സാധിക്കുക. രാജസ്ഥാൻ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ്. അവിടെ ക്ഷേത്രദർശനം നടത്തണമെന്ന് ആഗ്രഹിക്കുന്നു. അതിനുമുൻപായി നമുക്ക് പരസ്പരം സംസാരിക്കണം. എന്നെ നിങ്ങൾക്ക് വിശ്വസിക്കാം. നമ്മൾ തമ്മിലുള്ള സംസാരം താങ്കൾക്ക് ഗുണമേ ചെയ്യൂ. ദയവായി നമ്പർ തരൂ’– സോമി അലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.1999ലാണ് സൽമാൻ ഖാനുമായുള്ള ബന്ധം സോമി ഉപേക്ഷിച്ചത്. മനുഷ്യക്കടത്ത്, ഗാർഹിക പീഡനം എന്നിവയ്ക്ക് എതിരെ യുഎസിൽ പ്രവർത്തിക്കുന്ന ‘നോ മോർ ടിയേഴ്സ്’ സന്നദ്ധ സംഘടനയിൽ സജീവമാണ് സോമി അലി.