കേന്ദ്ര നയത്തിന് ബാലറ്റിലൂടെ കേരള ജനത പകരംവീട്ടും; ബിനോയ് വിശ്വം

0

തിരുവനന്തപുരം: മലയാളികളെ പട്ടിണിക്കിട്ട് തോല്പിക്കാനുള്ള കേന്ദ്രഭരണകൂടത്തിന്‍റെ നീക്കത്തിന് കേരള ജനത ബാലറ്റിലൂടെ പകരം വീട്ടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.എഫ്സിഐ പൊതു കമ്പോളത്തിൽ നടത്തുന്ന ലേലത്തിൽ ഇടപെടാനുള്ള അവകാശത്തിൽ നിന്ന് കേരള സർക്കാരിനെ വിലക്കുന്ന ബിജെപി ഗവണ്മെന്‍റ് നയം രാഷ്‌ട്രീയ വൈരനിര്യാതന ബുദ്ധിയുടെ പരസ്യ പ്രഖ്യാപനമാണ്. ഭക്ഷ്യക്കമ്മി സംസ്ഥാനമായിട്ടും ഫലപ്രദമായ വിപണി ഇടപെടലിലൂടെ ദേശീയ ശരാശരിയേക്കാള്‍ താഴ്ന്നനിലയില്‍ ഭക്ഷ്യവില പിടിച്ചു നിര്‍ത്താന്‍ കഴിയുന്നതും പട്ടിണി ഇല്ലായ്മ ചെയ്യാൻ കഴിഞ്ഞതുമെല്ലാം ഏവരും അംഗീകരിക്കുന്ന കേരളത്തിന്‍റെ നേട്ടങ്ങളാണ്. എന്നാൽ ഈ നേട്ടങ്ങൾക്ക് കാരണമായ ജനപക്ഷനയങ്ങളുടെ പേരിൽ കേരള ജനതയെ ശിക്ഷിക്കാൻ ഒരുമ്പെടുകയാണ് കേന്ദ്രം.

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പക്കലുള്ള അധിക ഭക്ഷ്യധാന്യം പൊതു കമ്പോളത്തിലിറക്കാന്‍ ലേലം ചെയ്യുമ്പോൾ സ്വകാര്യ വ്യാപാരികൾക്കടക്കം അതിൽ പങ്കെടുക്കാം. എന്നാൽ സംസ്ഥാന സർക്കാർ ഏജൻസികളെ വിലക്കിയതു വഴി സപ്ലൈകോ ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് സ്കീം വഴി സംഭരിച്ച് ന്യായവിലയ്ക്ക് സംസ്ഥാനത്ത് അരി വിതരണം ചെയ്യാനുള്ള അവസരമാണ് കേന്ദ്രം തടഞ്ഞത്.മലയാളിയുടെ മുഖ്യാഹാരമായ അരിയുടെ ലഭ്യത ഉറപ്പു വരുത്താനും വില പിടിച്ചു നിർത്താനും വേണ്ടി ഇടപെടാനുള്ള സംസ്ഥാന സർക്കാരിന്‍റെ ശേഷി ഇല്ലാതാക്കുകയാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യം. അതു ജനങ്ങള്‍ പൊറുക്കില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *