ബിന്ദുവിൻ്റെ കുടുംബത്തിന് 50,000 രൂപ അടിയന്തര ധനസഹായം നൽകി

0

കോട്ടയം:  മെഡിക്കൽ കോളജില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് 50,000 രൂപ അടിയന്തര ധനസഹായം നൽകി. സഹകരണമന്ത്രി വി എൻ വാസവൻ  ബിന്ദുവിൻ്റെ തലയോലപ്പറമ്പിലെ വീട്ടിലെത്തിയാണ് തുക കൈമാറിയത്. മെഡിക്കല്‍ കോളജിൻ്റെ എച്ച്ഡിഎസ് ഫണ്ടില്‍നിന്നുള്ള 50000 രൂപയാണ് കൈമാറിയത്.

ബിന്ദുവിൻ്റെ കുടുംബം നാല് കാര്യങ്ങളാണ് മുന്നോട്ട് വച്ചത്. ഇതില്‍ ആദ്യത്തേത് മകളുടെ ചികിത്സ ആയിരുന്നു. കുടുംബം ആവശ്യപ്പെട്ടതനുസരിച്ച് മകൾ നവമിയുടെ ചികിത്സ പൂര്‍ണമായും ഏറ്റെടുക്കും. മകന് മെഡിക്കൽ കോളജിൽ താത്കാലിക ജോലി നൽകും. മകൻ്റെ ജോലി പിന്നീട് സ്ഥിരപ്പെടുത്തും. കുടുംബം മുന്നോട്ടുവെച്ച മറ്റു രണ്ട് കാര്യങ്ങള്‍ സാമ്പത്തിക ധനസഹായമാണ്. താത്കാലിക ധനസഹായം ഇപ്പോള്‍ നല്‍കി. മന്ത്രിസഭാ യോഗം ചേർന്ന് കുടുംബത്തിന് നൽകേണ്ട ധനസഹായം സംബന്ധിച്ച് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

അപ്പോളോ ആശുപത്രിയിലെ നാലാം വര്‍ഷ ബിഎസ്‌സി നഴ്സിങ് വിദ്യാര്‍ഥിയായ നവമി അവിടെയുണ്ടായ ഒരപകടത്തെത്തുടര്‍ന്നുണ്ടായ ചികിത്സയ്ക്കായാണ് കോട്ടയം മോഡിക്കല്‍ കോളജില്‍ എത്തിയത്. തുടര്‍ ചികിത്സയ്ക്കായി എപ്പോള്‍ ആശുപത്രിയില്‍ എത്തുന്നുവോ അപ്പോള്‍തന്നെ രോഗം പൂര്‍ണമായും ഭേദമാകുന്നതുവരെയുള്ള ചികിത്സകളെല്ലാം നല്‍കും. സര്‍ക്കാര്‍ കുടുംബത്തോടൊപ്പമുണ്ടെന്നും വാസവന്‍ പറഞ്ഞു.

അപകടം സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കലക്‌ടര്‍ നല്‍കും. ഇതനുസരിച്ച് അടുത്ത കാബിനറ്റില്‍ കുടുംബത്തിനുള്ള സഹായം സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.അതേസമയം ദൗർഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലും സർക്കാർ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറഞ്ഞു. മരണപ്പെട്ട ബിന്ദുവിൻ്റെ കുടുംബാംഗങ്ങൾക്ക് സർക്കാർ ഉചിതമായ സഹായം നൽകും. കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കു ചേരുന്നു. സർക്കാരിൻ്റെ സഹായങ്ങളും പിന്തുണയും കുടുംബത്തിനുണ്ടാവും. ആരോഗ്യമേഖലയെ കൂടുതൽ കരുത്തോടെ സർക്കാർ മുന്നോട്ടു കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ കെട്ടിടം ഇടിഞ്ഞു വീണു ബിന്ദു മരിച്ചതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി സ്ഥലം സന്ദർശിച്ചിരുന്നു. എന്നാൽ സ്ഥലത്തെത്തി മിനിറ്റുകൾക്കകം മടങ്ങുകയും ചെയ്‌തു. മാധ്യമങ്ങൾ പ്രതികരണം തേടിയപ്പോൾ മന്ത്രിമാർ പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നായിരുന്നു പിണറായി വിജയൻ്റെ മറുപടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *