വ്യാജ മോഷണ പരാതിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ബിന്ദു

തിരുവനന്തപുരം : വ്യാജ മോഷണ പരാതി നൽകി തന്നെ മാനസികമായി തകർത്ത ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൂടിയുണ്ടെന്നും മൂന്ന് പൊലീസുകാരാണ് ആത്മഹത്യയുടെ വക്കിൽ വരെയെത്തിച്ചതെന്നും ബിന്ദു പറഞ്ഞു. എഎസ്ഐ പ്രസന്നൻ ആണ് ഏറ്റവും കൂടുതൽ തന്നെ വേദനിപ്പിച്ചതെന്ന് ബിന്ദു പറഞ്ഞു. ഒരാൾക്കും കൂടി നടപടിയെടുക്കണം എന്നാലേ തനിക്ക് തൃപ്തി ഉണ്ടാകൂ എന്ന് ബിന്ദു വ്യക്തമാക്കി.
എഎസ്ഐ പ്രസന്നനെയും എസ് ഐ പ്രസാദിനെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. മൂന്നാമതൊരു പൊലീസ് ഉദ്യോഗസ്ഥൻ ഉണ്ട് പേരറിയില്ലെന്നും കണ്ടാൽ അറിയാമെന്നും ബിന്ദു പറഞ്ഞു . ഇയാളാണ് കസ്റ്റഡിയിൽ എടുത്ത് കൊണ്ടുപോകുന്ന സമയം കാറിലിരുന്ന് തന്നെ അസഭ്യം പറഞ്ഞതെന്ന് ബിന്ദു പറയുന്നു. ഇയാൾക്കെതിരെയും നടപടി വേണമെന്നാണ് ബിന്ദുവിന്റെ ഇപ്പോഴത്തെ ആവശ്യം.
സ്വർണം മോഷ്ടിച്ചെന്ന് പരാതി നൽകിയ ഓമനക്കെതിരെയും പരാതിയുമായി മുന്നോട്ട് പോകുമെന്ന് ബിന്ദു വ്യക്തമാക്കി. മാനനഷ്ടക്കേസ് കൊടുക്കും. തന്റെ ഉപജീവനമാർഗമാണ് അവർ തകർത്തുകളഞ്ഞതെന്ന് ബിന്ദു. ആ വീട്ടിൽ ഭയങ്കര ജോലിയുണ്ടായിരുന്നു . പെട്ടെന്ന് ജോലി തീർത്ത് വീട്ടിൽ വരികയാണ് ചെയ്തതെന്ന് ബിന്ദു പറഞ്ഞു.
പരാതിയിൽ നടപടിയെടുക്കാൻ വൈകിയെന്ന് തോന്നുന്നില്ല. എല്ലാവരും പിന്തുണ നൽകുന്നുണ്ട്. ആ തെറ്റ് താൻ ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല. അന്തസായി ജീവിക്കണം. മക്കളെ വളർത്തണം. ആ ഒരു ആഗ്രഹം മാത്രമാണ് ഉള്ളതെന്ന് ബിന്ദു പറഞ്ഞു. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെതിയതിന് പിന്നാലെയാണ് എ.എസ്.ഐ പ്രസന്നനെ സസ്പെൻഡ് ചെയ്തത്. ചുള്ളിമാനൂർ സ്വദേശി ബിന്ദുവിനെ കസ്റ്റഡിയിൽ എടുക്കുന്ന ദിവസം ജിഡി ഇൻചാർജ് ആയിരുന്നു എഎസ്ഐ പ്രസന്നൻ.
തിരുവനന്തപുരത്ത് സ്വർണ മാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുടമ നൽകിയ പരാതിയിലാണ് ദളിത് യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ചത്. 20 മണിക്കൂർ പൊലീസ് സ്റ്റേഷനിൽ നിർത്തിയെന്നും കുടിവെള്ളം പോലും നൽകിയില്ലെന്നുമാണ് യുവതിയുടെ ആരോപണം.കുറ്റം സമ്മതിച്ചില്ലെങ്കിൽ കുടുംബം മുഴുവൻ അകത്താകും എന്ന് ഉൾപ്പെടെ ഭീഷണിപ്പെടുത്തി. പെൺമക്കളെ രണ്ട് പേരെയും കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ശാരീരികമായി ഉപദ്രവിച്ചില്ലെങ്കിലും പലപ്രാവശ്യം തല്ലാൻ കൈ ഓങ്ങിയിരുന്നുവെന്ന് ബിന്ദു പറഞ്ഞിരുന്നു.