ഒരുകോടി രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും ആവശ്യപ്പെട്ട് ബിന്ദു

0
BINDHU PERU

തിരുവനന്തപുരം: പേരൂര്‍ക്കട വ്യാജ മാലമോഷണ ആരോപണത്തില്‍ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരയായ ബിന്ദു. ഒരുകോടി രൂപ നഷ്ടപരിഹാരം വേണമെന്ന് മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അപേക്ഷയിലാണ് ബിന്ദു ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ബിന്ദു അപേക്ഷയില്‍ ആവശ്യപ്പെടുന്നു. പേരൂര്‍ക്കട പൊലീസ് കെട്ടിച്ചമച്ച മാല മോഷണക്കേസില്‍ താനും കുടുംബവും കടുത്ത മാനസിക പീഡനം അനുഭവിച്ചുവെന്നും തനിക്കും ഭര്‍ത്താവിനും ഉപജീവന മാര്‍ഗം നഷ്ടപ്പെടുകയും മക്കളുടെ വിദ്യാഭ്യാസം തടസപ്പെടുകയും ചെയ്‌തെന്നും ബിന്ദു പറയുന്നു.

വ്യാജ കേസുമൂലം ഉണ്ടായ മാനസിക, ശാരീരിക, സാമ്പത്തിക നഷ്ടങ്ങള്‍ മൂലം തകര്‍ന്നിരിക്കുന്നതിനാല്‍ സമൂഹത്തില്‍ വീണ്ടും ജീവിക്കുന്നതിനായി മാനനഷ്ടത്തിന് ഒരുകോടി രൂപയും കുടുംബത്തിന്റെ ആശ്രയത്തിനായി സര്‍ക്കാര്‍ ജോലിയും അനുവദിക്കണമെന്നാണ് ബിന്ദുവിന്റെ ആവശ്യം. എന്റെ പേരില്‍ പേരൂര്‍ക്കട പൊലീസ് കെട്ടിച്ചമച്ച മാല മോഷണ കേസില്‍ ഞാനും കുടുംബവും അനുഭവിച്ച മാനസിക പീഡനത്തിനും എനിക്കും ഭര്‍ത്താവിനും ഉപജീവന മാര്‍ഗം നഷ്ടപ്പെട്ടതിലും മക്കളുടെ വിദ്യാഭ്യാസം തടസപ്പെട്ടതിലും സ്റ്റേഷന്‍ സെല്ലിനകത്ത് 20 മണിക്കൂറുകളോളം നിര്‍ത്തി മാനസികമായി പീഡിപ്പിച്ചതും എന്നെ കുറ്റവാളിയാക്കിയതും സമൂഹത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ഞങ്ങളെ മാറ്റിനിര്‍ത്തിയതും അടക്കം ജീവിതം തന്നെ അവസാനിപ്പിക്കാന്‍ ഈ വ്യാജ കേസിലൂടെ ഞങ്ങളെ പ്രേരിപ്പിച്ചതും എന്റെ ദരിദ്ര കുടുംബം വീണ്ടും ദരിദ്രരായി തുടരാന്‍ പ്രേരിപ്പിച്ചതും ഈ കേസുമൂലം സാമ്പത്തികമായി ഉണ്ടാക്കിയ നഷ്ടങ്ങളും മാനസികമായും ശാരീരികമായും തകര്‍ന്നിരിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് സമൂഹത്തില്‍ വീണ്ടും ജീവിക്കുന്നതിനും മാനനഷ്ടത്തിനായി ഒരുകോടി രൂപയും എന്റെ ജീവിതത്തിനും കുടുംബത്തിന്റെ ആശ്രയത്തിനുമായി ഒരു സര്‍ക്കാര്‍ ജോലിക്കുമായി അപേക്ഷിക്കുന്നു: എന്നാണ് ബിന്ദു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അപേക്ഷയില്‍ പറയുന്നത്.

 ബിന്ദു ഇന്ന് തിരുവനന്തപുരം എംജിഎം പബ്ലിക് സ്കൂളിൽ ജോലിയിൽ പ്രവേശിച്ചു. പ്യൂൺ ആയിട്ടാണ് നിയമനം. ബിന്ദുവിനെ സ്കൂൾ അധികൃതർ നേരത്തെ വീട്ടിലെത്തി ക്ഷണിച്ചിരുന്നു. പേരൂർക്കടയിലേത് വ്യാജ മാലമോഷണക്കേസ് തന്നെയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മാല മോഷണം പോയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. പൊലീസ് കഥ മെനയുകയായിരുന്നു. ബിന്ദുവിന്റെ അറസ്റ്റ് ന്യായീകരിക്കാനാണ് ഉദ്യോഗസ്ഥർ കഥ മെനഞ്ഞതെന്നും ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ വ്യക്തമായി. മനുഷ്യാവകാശ കമ്മീഷന് ലഭിച്ച ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മാല കിട്ടിയത് പരാതിക്കാരിയായ ഓമന ഡാനിയേലിന്റെ വീട്ടിൽ നിന്ന് തന്നെയാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മറവി പ്രശ്നമുള്ള വീട്ടുടമ ഓമന മാല വീട്ടിനുള്ളിൽ വെയ്ക്കുകയായിരുന്നു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *