ബില്ലുകൾക്ക് സമയപരിധി: സുപ്രീംകോടതി വിധി ഇന്ന്

0
SUPREME COURT 1

ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട പ്രസിഡൻഷ്യൽ റഫറന്‍സില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് റഫറന്‍സിന് വ്യക്തത നല്‍കുക. പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് എന്ന സവിശേഷ അധികാരം ഉപയോഗിച്ച്, 14 വിഷയങ്ങളിലാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു റഫന്‍സില്‍ വ്യക്തത തേടിയിരിക്കുന്നത്. ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരമാണ് രാഷ്ട്രപതി സുപ്രീം കോടതിയോട് വ്യക്തത തേടിയത്.

സംസ്ഥാനങ്ങളില്‍ നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സുപ്രീംകോടതി സമയം നിശ്ചയിച്ചിരുന്നു. ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ ഭരണഘടനയില്‍ നിര്‍ദേശിക്കാത്ത സമയപരിധി സുപ്രീംകോടതിക്ക് നിര്‍വചിക്കാനാകുമോയെന്ന് രാഷ്ട്രപതി ചോദിക്കുന്നു. ഭരണഘടന സമയപരിധി നിശ്ചയ്ക്കാത്ത സാഹചര്യത്തില്‍ സുപ്രീം കോടതിക്ക് എങ്ങനെയാണ് ഇത്തരത്തില്‍ വിധി പുറപ്പെടുവിക്കാനാകുക. ഭരണഘടനയുടെ 200, 201 വകുപ്പുകള്‍ പ്രകാരം നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ സമയപരിധി ഇല്ലെന്നും സുപ്രീം കോടതിക്ക് കൈമാറിയ റഫറന്‍സില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, ഫെഡറലിസം, നിയമങ്ങളുടെ ഏകീകരണം തുടങ്ങിയ ബഹുമുഖ ഘടകങ്ങള്‍ കണക്കിലെടുത്തതാണ് രാഷ്ട്രപതിയും ഗവര്‍ണര്‍മാരും വിവേചന അധികാരം ഉപയോഗിക്കുന്നതെന്നും രാഷ്ട്രപതി റഫറന്‍സില്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രപതി ബില്ലുകളില്‍ അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി മുന്‍പ് വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരം ഇക്കാര്യത്തില്‍ വ്യക്തത തേടുന്നതെന്ന് രാഷ്ട്രപതി റഫറന്‍സില്‍ വ്യക്തമാക്കുന്നു.

രാഷ്ട്രപതിയുടെ റഫറന്‍സ് മടക്കണമെന്ന് കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം ഇന്നത്തെ വിധി നിര്‍ണായകമാണ്.

തമിഴ്നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ നല്‍കിയ കേസിലാണ്, നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതിക്കും, ഗവര്‍ണര്‍മാര്‍ക്കും സമയ പരിധി നിശ്ചയിച്ച് കൊണ്ട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ രണ്ടം​ഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *