ഭൂതത്താൻകെട്ട് ഡാമിന്‍റെ 7 ഷട്ടറുകൾ തുറന്നു
കോതമംഗലം: മഴ കനത്തതോടെ പെരിയാറിലെ ജലനിരപ്പ് ഉയർന്നതിനാൽ ഭൂതത്താൻകെട്ട് ഡാമിന്‍റെ 7 ഷട്ടറുകൾ തുറന്നു. 15 ഷട്ടറുകളാണ് ഡാമിനുള്ളത്. തീവ്രമഴ മുന്നറിയിപ്പ് പ്രകാരം ചൊവ്വാഴ്ച വരെ ഇടുക്കി ജില്ലയിൽ റെഡ് അലർട്ടും, എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ടും നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശാനുസരണമാണ് ഭൂതത്താൻകെട്ട് ഡാമിന്‍റെ കൂടുതൽ ഷട്ടറുകൾ ഘട്ടംഘട്ടമായി തുറന്നത്. പെരിയാറിലെ ബോട്ട് സർവീസുകളും 3 ദിവസത്തേക്ക് നിർത്തിവച്ചു.
പെരിയാർവാലി കനാലുകൾ ഇന്നലെ ഉച്ചയോടെ താത്കാലികമായി അടച്ചു. വൃഷ്ടി പ്രദേശത്ത് മഴയ്ക്കൊപ്പം സാമാന്യം നീരൊഴുക്ക് ഉള്ളതുകൊണ്ട് ഇന്നലെ രാവിലെയോടെ 4 ഷട്ടറുകൾ തുറന്നിരുന്നു. പരാമവധി സംഭരണശേഷി 34.85 മീറ്ററാണ്. ഇത് രാവിലെ 32.70 മീറ്ററിൽ എത്തിയതോടെയാണ് ഷട്ടർ തുറന്ന് സെക്കൻഡിൽ 3 ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കിയത്. സംഭരണിയിലെ ജലനിരപ്പ് കാര്യമായി താഴാതെ വന്നതോടെയാണ് വൈകിട്ട് 3 ഷട്ടറുകൾ കൂടി തുറന്ന് സെക്കൻഡിൽ 6 ലക്ഷം ലിറ്റർ (60 ക്യൂമെക്‌സ്) വെള്ളം പുഴയിലേക്ക് ഒഴുക്കുന്നത്