“ലോറൻസ് ബിഷ്‌ണോയിയെ കൊല്ലുന്ന പോലീസുകാരന് 1,11,11,111രൂപ പാരിതോഷികം / കർണ്ണിസേന.
ബിഷ്‌ണോയി ‘ഷഹീദ് ഭഗത് സിംഗിനെ ‘ പോലെ /ഉത്തർ ഭാരതീയ വികാസ് സേന
മുംബൈ : സാമൂഹ്യ ദ്രോഹികളേയും കൊടും കുറ്റവാളികളേയും ‘അധോലോക നായകൻ ‘എന്നാണ് ജനം വിശേപ്പിക്കുന്നത് .’അധോലോക പ്രതിനായകൻ’ എന്നോ ‘അധോലോക വില്ലൻ’ എന്നോ ആരും പറയാറില്ല .
തിന്മചെയ്യുന്നവരേയും നായക പരിവേഷം നൽകി ആരാധിക്കുന്ന വലിയൊരു ഒരു സമൂഹം ഇവിടെയുണ്ട്.
അതിനു നിലവിലുള്ള ഉദാഹരണമാണ് കൊടുംകുറ്റങ്ങൾ ചെയ്‌ത് തടവിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയി.
വരുന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ലോറൻസ് ബിഷ്‌ണോയിയെ ക്ഷണിച്ചിരിക്കയാണ് ‘നിങ്ങളിൽ ഞങ്ങൾ ഷഹീദ് ഭഗത് സിംഗിനെ കാണുന്നു’ എന്ന് വിശേഷിപ്പിച്ച് ബിഷ്‌ണോയിക്ക് കത്തെഴുതിയ ഉത്തർ ഭാരതീയ വികാസ് സേന (യുബിവിഎസ്) എന്ന രാഷ്ട്രീയ പാർട്ടി.
ഉത്തർ ഭാരതീയ വികാസ് സേന ‘ കേന്ദ്ര – സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുംബൈയിൽ മത്സരിക്കുന്നതിനായി സേനയുടെ നാല് സ്ഥാനാർത്ഥികളുടെ പേര് അന്തിമമാക്കിയതായി യുബിവിഎസ് ദേശീയ പ്രസിഡൻ്റ് സുനിൽ ശുക്ല ഒപ്പിട്ട കത്തിൽ പറയുന്നു.
“നിങ്ങൾ പഞ്ചാബിൽ ജനിച്ച ഒരു ഉത്തരേന്ത്യക്കാരനാണെന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്, ഇന്ത്യയിലെ ഉത്തരേന്ത്യക്കാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന പാർട്ടിയാണ് ഉത്തർ ഭാരതീയ വികാസ് സേന,” ശുക്ല കത്തിൽ പറഞ്ഞു.മഹാരാഷ്ട്രയിൽ ഉത്തരേന്ത്യക്കാർക്ക് അവരുടെ പൂർവ്വികരുടെ സംവരണം നിഷേധിക്കപ്പെടുന്നുവെന്നും അദ്ദേഹം കത്തിൽ പരാമർശിച്ചിട്ടുണ്ട് .
“ഞങ്ങൾ നിങ്ങളിൽ ഷഹീദ് ഭഗത് സിങ്ങിനെ കാണുന്നു. ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ബിഹാർ, ജാർഖണ്ഡ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നും വന്ന് മഹാരാഷ്ട്രയിൽ സ്ഥിരതാമസമാക്കിയവരാണ്
നമ്മുടെ പൂർവികർ. ഇവിടെ ജനിച്ചു വളർന്നിട്ടും , ഒ.ബി.സി, എസ്.സി,എസ്‌ടി എന്നിവർക്ക് ലഭിക്കുന്ന
സംവരണം ഞങ്ങൾക്കില്ല . പൂർവ്വികർ ഉത്തരേന്ത്യക്കാരായതിനാൽ മാത്രം സംവരണം ഞങ്ങൾക്ക് സംവരണം നിഷേധിക്കപ്പെടുകയാണ്.” ശുക്ള കത്തിലൂടെ പറയുന്നു.
ലോറൻസ് ബിഷ്‌ണോയി അംഗീകരിച്ചാൽ 50 സ്ഥാനാർത്ഥികളുടെ പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്ന് സുനിൽ ശുക്ല പറയുന്നു.
ഗുജറാത്തിലെ സബർമതി സെൻട്രൽ ജയിലിൽകഴിയുന്ന ഗുണ്ടാനേതാവ് ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.
ഇതിനിടയിൽ ‘കർണി സേന’യുടെ ദേശീയ അധ്യക്ഷൻ രാജ് സിംഗ് ഷെഖാവത്ത് പുറത്തുവിട്ട വീഡിയോ സന്ദേശം സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായി കഴിഞ്ഞിരിക്കുകയാണ്.
ഏതെങ്കിലും ഒരു പോലീസുകാരൻ ഏറ്റുമുട്ടലിലൂടെ ബിഷ്‌ണോയിയെ കൊലപ്പെടുത്തിയാൽ ഒരു കോടി 11 ലക്ഷത്തി 11,111 രൂപ പാരിതോഷികം നൽകുമെന്നും കുടുംബത്തിൻ്റെ സുരക്ഷയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നുമാണ് രാജ് സിംഗ് ഷെഖാവത്ത് പറയുന്നത് . ഇന്ത്യയെ ഭയരഹിതമാക്കാൻ ഇത്തരം അപകടകാരികളായ കുറ്റവാളികളെ നശിപ്പിക്കേണ്ടത് അനിവാര്യമാണെന്നും വീഡിയോയിൽ പറയുന്നു.