പ്രശസ്ത നൃത്താദ്ധ്യാപികയും നർത്തകിയുമായ ഭവാനി ചെല്ലപ്പൻ അന്തരിച്ചു.
കോട്ടയം: നൃത്താദ്ധ്യാപികയും പ്രശസ്ത നർത്തകിയുമായ ഭവാനി ചെല്ലപ്പൻ അന്തരിച്ചു. 98 വയസായിരുന്നു. കോട്ടയം കുമാരനല്ലൂരിലെ വസതിയിലായിരുന്നു അന്ത്യം. നൃത്തച്ചുവടുകൾ കണ്ടാൽ പ്രായം വെറും സംഖ്യകളാണെന്ന് തോന്നിപ്പോകും. ചടുലമായ ചുവടുകളും കൈകളിൽ വിടരുന്ന മുദ്രകളും മുഖത്ത് മിന്നി മറയുന്ന നവരസങ്ങളും ആരെയും ആകർഷിക്കും, അതായിരുന്നു ഭവാനി ചെല്ലപ്പൻ. ഗുരു ഗോപിനാഥിന്റെ ശിഷ്യയും കോട്ടയത്തെ ഭാരതീയ നൃത്തകലാലയം എന്ന നൃത്ത വിദ്യാലയത്തിന്റെ ഡയറക്ടറുമായിരുന്ന അവർ നൃത്ത ലോകത്തെ വിസ്മയങ്ങൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചു. 1952-ൽ ആരംഭിച്ച വിദ്യാലയത്തിൽ സിനിമാ-സീരിയൽ താരങ്ങളടക്കം നിരവദി പേരാണ് നൃത്തം അഭ്യസിച്ച് പഠിച്ചിറങ്ങിയത്.