ഭരതന്‍- ലളിത പുരസ്കാരങ്ങൾ ബ്ലെസിക്കും ഉർവശിക്കും
തൃശൂർ: ചലച്ചിത്രകാരൻ ഭരതന്‍റെ സ്മരണാർഥം ഏർപ്പെടുത്തിയിട്ടുള്ള ഭരതൻ പുരസ്കാരം സംവിധായകൻ ബ്ലെസിക്ക്. ഒരു പവന്‍റെ കല്യാൺ സുവർണ മുദ്രയും ശിൽപവുമാണ് അവാർഡ്.
ഭരതൻ സ്മൃതി വേദി ഈ വർഷം ഏർപ്പെടുത്തിയിട്ടുള്ള കെപിഎസി ലളിത പുരസ്കാരം നടി ഉർവശിക്ക് നൽകും. 25,000 രൂപയും ശിൽപവുമാണ് അവാർഡ്. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററെ 25,000 രൂപയും പൊന്നാടയുമടങ്ങുന്ന ഗുരുദക്ഷിണ നൽകി ആദരിക്കും. സംവിധായകൻ ജയരാജ്, ഷോഗൺ രാജു, എം.പി. സുരേന്ദ്രൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്.
ജൂലൈ 30ന് ഭരതന്‍റെ ഓർമ ദിനത്തിൽ വൈകീട്ട് അഞ്ചിന് തൃശൂർ റീജണൽ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ സംവിധായകൻ ഹരിഹരൻ പുരസ്കാരദാനം നിർവഹിക്കും. സംഗീത നിശയുമുണ്ടാകും. വാർത്താസമ്മേളനത്തിൽ എം.പി. സുരേന്ദ്രൻ, സി. വേണുഗോപാൽ, അനിൽ വാസുദേവ്, അഡ്വ.ഇ. രാജൻ, അനിൽ സി. മേനോൻ പങ്കെടുത്തു