ഭാരതാംബ ചിത്ര വിവാദം : പ്രതിഷേധത്തിനൊരുങ്ങി സർക്കാർ-ഗവർണർ അനുകൂലികൾ

തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ വിട്ടുവീഴ്ചയില്ലാതെ രാജ്ഭവനും സംസ്ഥാന സർക്കാരും. ഭാരതാംബയും നിലവിളക്കും തുടരുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കേരള ഗവർണർ. വിഷയം സർക്കാർ രാഷ്ട്രീയവത്കരിച്ചെന്നും വിട്ടുവീഴ്ചയ്ക്ക് തയാറാകാതിരുന്നത് സർക്കാരാണെന്നും ഇന്നലെ ഒരു ഇംഗ്ലീഷ് വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ ഗവർണർ ആരോപിച്ചു.
വിദ്യാഭ്യാസവകുപ്പ് മന്ത്രിയുടെ ഇറങ്ങിപ്പോക്കിൽ രാജ്ഭവന് കടുത്ത അതൃപ്തിയുണ്ട്. മന്ത്രിയുടെ പ്രോട്ടോക്കോൾ ലംഘനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നൽകാൻ രാജ്ഭവൻ നീക്കമുണ്ട്. അതിനിടെ ഔദ്യോഗിക ചടങ്ങുകളിൽ ചിത്രം വെക്കുന്നതിന് തടയിടാനുള്ള നിയമസാധുത തേടുകയാണ് സംസ്ഥാന സർക്കാർ. നിയമവകുപ്പ് നിലപാട് അറിഞ്ഞശേഷം രാജ്ഭവനെ ഔദ്യോഗികമായി എതിർപ്പ് അറിയിക്കാനാണ് നീക്കം.