വിവാഹവുമായി ബന്ധപ്പെട്ട് ശക്തമായ പ്രതികരണവുമായി ഭാമ
വിവാഹവുമായി ബന്ധപ്പെട്ട് നടി ഭാമ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വാചകങ്ങൾ വൈറലാകുന്നു. ശക്തമായ ഭാഷയിൽ വിവാഹത്തെ ചോദ്യം ചെയ്യുകയാണ് നടി. സ്ത്രീധനത്തെക്കുറിച്ചും ഭർതൃവീട്ടിലെ പീഡനത്തെക്കുറിച്ചുമൊക്കെയാണ് ഭാമ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പറയുന്നത്. ‘വേണോ നമ്മൾ സ്ത്രീകൾക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ടു വിവാഹം ചെയ്യരുത്. അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാൽ? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാൻ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം…’ആ വരി മുഴുമിപ്പിക്കാതെ ഭാമ അവസാനിപ്പിച്ചു. ഭാമയുടെ വിവാഹജീവിതവുമായി ബന്ധപ്പെട്ട് ഇപ്പോഴും പ്രേക്ഷകരുടെ ഇടയിൽ പല ഉൗഹാപോഹങ്ങളുമുണ്ട്.
നേരത്തെ മകൾ ഗൗരിയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് താനൊരു സിംഗിൾ മദറാണെന്ന് ഭാമ തുറന്നു പറഞ്ഞിരുന്നു. ഒരു ‘സിംഗിൾ മദർ’ ആയപ്പോൾ താൻ കൂടുതൽ ശക്തയായി എന്നാണ് ഭാമ അന്നു പറഞ്ഞത്. ‘ഒരു സിംഗിള്‍ മദറാകുന്നത് വരെ ഞാന്‍ ഇത്രത്തോളം ശക്തയാണെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. കൂടുതല്‍ ശക്തയാകുക എന്നത് മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന ഏക വഴി. ഞാനും എന്റെ മകളും.’ മകളോടൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാമ അന്ന് സമൂഹ മാധ്യമത്തിൽ കുറിച്ചതിങ്ങനെ. ഭാമയും ഭർത്താവ് അരുണും വേർപിരിഞ്ഞു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഭാമ തന്റെ പേരിനൊപ്പമുള്ള ഭർത്താവിന്റെ പേര് ഒഴിവാക്കിയതും ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കിയതും സംശയം വർധിപ്പിച്ചിരുന്നു. എന്നാൽ ഭാമയോ അരുണോ ഇതിനെകുറിച്ച് പ്രതികരിച്ചിരുന്നില്ല.
2020 ജനുവരിയിലായിരുന്നു ഭാമയും അരുണും തമ്മില്‍ വിവാഹിതരാവുന്നത്. വിവാഹത്തോടെ ഭാമ സിനിമ മേഖലയിൽ നിന്നും പിൻമാറി. ജനിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് മകള്‍ ഗൗരിയെക്കുറിച്ച് ഭാമ സമൂഹമാധ്യമങ്ങളിൽ പറയുന്നത്. പിന്നീട് കുഞ്ഞിനും ഭര്‍ത്താവിനുമൊപ്പമുള്ള നിരവധി ചിത്രങ്ങളും വിഡിയോകളും ഭാമ പങ്കുവയ്ക്കാറുണ്ടായിരുന്നെങ്കിലും പൊടുന്നനെ ഭാമയുടെ സമൂഹമാധ്യമങ്ങളിൽ നിന്ന് ഭര്‍ത്താവ് അരുൺ അപ്രത്യക്ഷമാവുകയായിരുന്നു.