മികച്ച പാര്‍ലമെന്‍റേറിയൻ : എന്‍ കെ പ്രേമചന്ദ്രന്‍ എംപിയ്ക്ക് വീണ്ടും അംഗീകാരം

0
premachandran 1

ചെന്നൈ:പതിനാറാം ലോക്സഭയിലെയും പതിനേഴാം ലോക്സഭയിലെയും മികച്ച പ്രകടനവും പതിനെട്ടാം ലോക്സഭയിലെ നാളിതുവരെയുള്ള പ്രവര്‍ത്തനത്തിന്‍റെ മികവും കണക്കിലെടുത്ത് എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൈം പോയിന്‍റ് ഫൗണ്ടേഷന്‍, സവിശേഷ സന്‍സദ് രത്ന അവാര്‍ഡ് നല്‍കി.
ന്യൂഡല്‍ഹിയില്‍ മഹാരാഷ്ട്ര സദനില്‍ നടന്ന പ്രൗഢഗംഭീരമായ സമ്മേളനത്തില്‍ കേന്ദ്ര പാര്‍ലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജുവാണ് മികച്ച പാര്‍ലമെന്‍റേറിയനുള്ള സവിശേഷ പുരസ്കാരം എന്‍കെ പ്രേമചന്ദ്രന് നൽകിയത് .മുമ്പും മികച്ച പാര്‍ലമെന്‍റേറിയനുള്ള അംഗീകാരം പ്രേമചന്ദ്രന് ലഭിച്ചിട്ടുണ്ട്.മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുൾ കലാം സ്ഥാപിച്ച ‘പ്രൈം പോയിന്‍റ് ഫൗണ്ടേഷന്‍‘ മികച്ച പാര്‍ലമെന്‍റേറിയനുള്ള പുരസ്കാരത്തിന് തെരഞ്ഞെടുപ്പ് നടത്തുന്നത് അഞ്ചാം തവണയാണ്.

പഞ്ചായത്ത് തലം മുതൽ പാർലമെന്റ് വരെയുള്ള ജനപ്രതിനിധി സഭകളിൽ അം​ഗമാകാൻ സാധിച്ചതിന്റെ അപൂർവ നേട്ടം സ്വന്തമായുള്ള രാഷ്ട്രീയ നേതാവാണ് എൻകെ പ്രേമചന്ദ്രൻ. പഞ്ചായത്ത് അംഗം, ജില്ലാ കൗൺസിൽ അംഗം, ജില്ലാപഞ്ചായത്ത് അംഗം, നിയമസഭാംഗം, രാജ്യസഭാംഗം, ലോക്സഭാംഗം തുടങ്ങിയ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിലൂടെയാണ് അപൂർവ നേട്ടം അദ്ദേഹത്തിന് കരഗതമായത്.

ഇടതു, വലതു മുന്നണികളുടെ ഭാ​ഗമായി മത്സരിച്ച് മൂന്നു തവണ കൊല്ലത്ത് നിന്നുള്ള ലോക്സഭാം​ഗമായി അദ്ദേഹം ഡൽഹിയിൽ എത്തിച്ചേർന്നു. കഴിഞ്ഞ 3 തവണയും പരാജയപ്പെടുത്തിയത് സിപിഎമ്മിന്റെ പ്രബല സ്ഥാനാർത്ഥികളെയാണ്.പൊതുജനസമ്മിതിയാലും നിയമ നിർമാണ, ഭരണ നിർവഹണ രംഗങ്ങളിലെ മികവിനാലും സമകാലീന കേരള രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുന്ന പൊതുപ്രവർത്തകനാണ് എൻകെ പ്രേമചന്ദ്രൻ. പാർലമെന്ററി രംഗത്ത് ഇന്ത്യയിൽ തന്നെ അപൂർവമായ റെക്കോഡ് നേട്ടത്തിന്റെ ഉടമ.
അതുപോലെ വിദ്യാർത്ഥിയായിരിക്കവേ, 1985ൽ കേരള സർവകലാശാലയുടെ എൽഎൽബി പരീക്ഷയിൽ ഒന്നാം റാങ്കും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.
വിഎസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നു.തമിഴ്നാടുമായി തർക്കം നിലനിൽക്കുന്ന മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ മേൽക്കൈയെടുത്തത് അദ്ദേഹമായിരുന്നു.

ജന്മം കൊണ്ട് തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിൽ ഉൾപ്പെട്ട നവായിക്കുളം സ്വദേശിയാണ് പ്രേമചന്ദ്രൻ ,എങ്കിലും പൊതു പ്രവർത്തന രംഗത്ത് തൻ്റെ കർമ മണ്ഡലമാക്കിയത് കൊല്ലം ജില്ലയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *