ബെംഗളൂരു ദുരന്തം: വിമർശനം കടുത്തതിന് പിന്നാലെ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം വർധിപ്പിച്ചു

ബെംഗളൂരു: ഐപിഎൽ കിരീടം നേടിയ ആർസിബി ടീമിനെ സ്വീകരിക്കാനുള്ള ആഘോഷ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച 11 പേരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം വർധിപ്പിച്ച് കർണാടക സർക്കാർ. നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്ന് വിമർശനം ബിജെപിയടക്കം ഉന്നയിച്ചിരുന്നു. ഇതോടെയാണ് നേരത്തെ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ധന സഹായം 25 ലക്ഷം രൂപയാക്കി ഉയർത്തിയത്.
സംസ്ഥാനസർക്കാരിന്‍റെ നിരുത്തരവാദിത്തപരമായ സമീപനമാണ് വലിയ ദുരന്തത്തിന് വഴിവച്ചതെന്ന വാദത്തിലുറച്ച് നിൽക്കുമ്പോഴാണ് ധനസഹായ തുക ചൂണ്ടി ബിജെപി വിമർശനം ഉന്നയിച്ചത്. കേരളത്തിൽ കാട്ടാന ആക്രമണത്തിൽ മരിച്ചയാളുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം പ്രഖ്യാപിച്ച സർക്കാർ, ബെംഗളുരുവിൽ മരിച്ചവർക്ക് വെറും 10 ലക്ഷം മാത്രം നൽകുന്നത് എന്ത് നീതിയാണെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ വിജയേന്ദ്ര ചോദിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ഇത്തരത്തിൽ ധന സഹായം ഉയർത്തിയത്.