ബംഗളൂരു പോലീസ് കുടുംബ ദുരന്തത്തിന് പിന്നിലെ സത്യം വെളിപ്പെടുത്തി
ബെംഗളൂരു∙ കാമുകനൊപ്പം ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയും കാമുകനും അറസ്റ്റിൽ. ബൊമ്മനഹള്ളി സ്വദേശി പവിത്ര സുരേഷ് (29), കാമുകൻ ലവ്ലേഷ് (20) എന്നിവരാണു പിടിയിലായത്. പവിത്രയുടെ അമ്മ ജയലക്ഷ്മിയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. വിവാഹിതയായ പവിത്രയ്ക്ക് 20 വയസ്സുകാരനുമായുള്ള ബന്ധം ജയലക്ഷ്മി അറിഞ്ഞതും ചോദ്യം ചെയ്തതുമാണു കൊലപാതകത്തിലേക്ക് നയിച്ചത്.
ജയലക്ഷ്മിയെ കൊലപ്പെടുത്തിയ ശേഷം അപകടമരണമാണെന്നു വരുത്തി തീര്‍ക്കാന്‍ ഇരുവരും ശ്രമിക്കുകയായിരുന്നു. ശുചിമുറിയിൽ കാൽ തെന്നി വീണതിനെ തുടര്‍ന്നു അമ്മയുടെ ബോധം പോയതായും മുറിയില്‍ കൊണ്ടുവന്ന് കിടത്തിയപ്പോഴേയ്ക്കും മരിച്ചെന്നുമാണു പവിത്ര ആദ്യം പൊലീസിനോട് പറഞ്ഞത്. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ ശ്വാസംമുട്ടിയാണ് ജയലക്ഷ്മി മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പവിത്ര കുറ്റം സമ്മതിക്കുകയായിരുന്നു.
കാമുകനുമായി ഗൂഡാലോചന നടത്തിയതിന് ശേഷമാണ് അമ്മയെ കൊലപ്പെടുത്തിയത് എന്ന് പവിത്ര സമ്മതിച്ചു. അറസ്റ്റിലായ കാമുകന് ലവ്ലേഷും കുറ്റം സമ്മതിച്ചു. കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ പലവട്ടം അമ്മ പവിത്രയോട് പറഞ്ഞിരുന്നു. അമ്മയുടെ പലതവണയായുള്ള താക്കിതിനെ തുടര്‍ന്നാണ് ക്രൂര കൊലപാതകം ചെയ്യാന്‍ ഇവര്‍ തീരുമാനിച്ചത്. 11 വര്‍ഷം മുന്‍പാണ് പവിത്രയുടെ വിവാഹം നടന്നത്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. ജയലക്ഷ്മിയുടെ വീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്ന ലവ്ലേഷുമായി പവിത്രയ്ക്ക് ഒരു വര്‍ഷമായി ബന്ധമുണ്ട്.