ബേക്കൽ ടൂറിസത്തിന് ഒരു പൊൻത്തൂവൽ കൂടി; ബേക്കൽ ടൂറിസം വില്ലേജ് യാഥാർത്ഥ്യമാവുന്നു

0

കാഞ്ഞങ്ങാട് : ബേക്കൽ ടൂറിസം വില്ലേജ് യാഥാർത്ഥ്യമാവുന്നു. ബേക്കൽ ടൂറിസം വില്ലേജ് പ്രൊജക്റ്റിന്റെ ലൈസൻസ് എഗ്രിമെന്റ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് മോറെക്സ് ഗ്രൂപ്പ് ചെയർമാൻ ഷെരീഫ് മൗലാക്കിരിയത്ത് കൈമാറി. ടൂറിസം ഇൻവെസ്റ്റേർസ് മീറ്റിലെ ആദ്യ പ്രൊജക്ടാണ് ബേക്കലിൽ നടപ്പാക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി 250 കോടി രൂപയാണ് ബേക്കൽ ടൂറിസം വില്ലേജ് പ്രൊജക്ടിൻ്റെ ഭാഗമായി മോറെക്സ് ഗ്രൂപ്പ് നിക്ഷേപിക്കുന്നത്.

അജാനൂർ ഗ്രാമ പഞ്ചായത്തിലെ കൊളവയൽ പൊയ്യക്കരയിലും കൊത്തിക്കാലിലുമായി ബി ആർ ഡി സി യുടെ കൈവശമുള്ള 33.18 ഏക്കർ സ്ഥലത്താണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം വില്ലേജ് സ്ഥാപിക്കുന്നത്. 30 വർഷത്തേക്കാണ് സ്ഥലം മോറെക്സ് ഗ്രൂപ്പിന് ലീസിന് നൽകിയത്. വിദേശ-സ്വദേശ ടൂറിസ്റ്റുകളെ ആകർഷിക്കാൻ കഴിയുന്ന രീതിയിലേക്കുള്ള അതി വിപുലമായ സംവിധാനമാണ് ബേക്കൽ ടൂറിസം വില്ലേജിന്റെ ഭാഗമായി വിഭാവനം ചെയ്യുന്നത്.

ജില്ലയിലെ ടൂറിസം കണക്ടിവിറ്റി സെന്ററായി ടൂറിസം വില്ലേജ് മാറും. പരിസ്ഥിതി സൗഹൃദ നിർമ്മിതികൾ മാത്രമാണ് ഉണ്ടാവുക. റിവർസൈഡ് പാർക്ക് , ഹട്ട് , ബോട്ടിംഗ് , ലൈവ് ഫിഷ് ക്യാച്ചിംഗ് സെന്റർ, നാടൻ ഭക്ഷണ ശാലകൾ, കുട്ടികൾക്ക് ഉല്ലസിക്കാൻ പ്രത്യേക സോൺ, വെഡിംഗ് സോൺ, ആംഫി തിയേറ്റർ, സ്വിമ്മിംഗ് പൂൾ, റിസോർട്ട് , കയാക്കിംഗ്, റോപ്പ് വേ തുടങ്ങിയവ ടൂറിസം വില്ലേജിൻ്റെ ഭാഗമായി ഉണ്ടാവും. തദ്ദേശീയരായ നിരവധി ആളുകൾക്ക് തൊഴിൽ സാധ്യത കൂടി ഇതിന്റെ ഭാഗമായി പരിഗണിക്കപ്പെടും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *