ബിഹാറിൽ വിശ്വാസം നേടി നിതീഷ് കുമാർ, സർക്കാരിനെ പിന്തുണച്ചത് 129പേർ

0

 

ന്യൂ ഡൽഹി: ബിഹാറില്‍ നിതീഷ് കുമാർ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേടി. വിശ്വാസ പ്രമേയത്തിന്‍റെ വോട്ടെടുപ്പില്‍ 129 പേര്‍ ബിഹാറിലെ എന്‍ഡിഎ സര്‍ക്കാരിനെ പിന്തുണച്ചു. ഇതോടെ വിശ്വാസ പ്രമേയം പാസായി. ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടത് എംഎല്‍എമാര്‍ ഇറങ്ങിപ്പോയി. വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. സ്പീക്കര്‍ അവധ് ബിഹാരി ചൗധരിയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയശേഷമാണ് വിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പിന്‍റെ നടപടികള്‍ നേരത്തെ ആരംഭിച്ചത്.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു പിന്നാലെ സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. സ്പീക്കറെ നീക്കുന്നതിനെ അനുകൂലിച്ച് 125 എംഎല്‍എമാരാണ് വോട്ട് ചെയ്തതത്. എന്നാല്‍, വിശ്വാസ വോട്ടെടുപ്പില്‍ അതിനേക്കാള്‍ നാല് വോട്ട് എന്‍ഡിഎയ്ക്ക് അധികം ലഭിച്ചു. കൂറ് മാറിയവര്‍ക്ക് ഇനിയൊരിക്കലും ജനപിന്തുണ ലഭിക്കില്ലെന്ന് ആര്‍ജെഡി നേതാക്കള്‍ പ്രതികരിച്ചു.

ആദ്യം വോട്ടെടുപ്പ് നടന്നത് നിലവിലെ സ്പീക്കര്‍ മാറ്റുന്നത് സംബന്ധിച്ചായിരുന്നു. ആര്‍ജെഡി നേതാവായ അവധ് ബിഹാരി ചൗധരിയെ സ്പീക്കര്‍ സ്ഥാനത്തു നിന്ന് നീക്കുന്നതിനെ പിന്തുണച്ച് 125 എംഎല്‍എമാര്‍ വോട്ട് ചെയ്തു. 112 എംഎല്‍എമാര്‍ സ്പീക്കറെ പിന്തുണച്ച് വോട്ട് ചെയ്തു. ഇതോടെ നിയമസഭയിലെ ആദ്യ പരീക്ഷണത്തില്‍ എൻഡിഎ പക്ഷം വിജയിക്കുകയായിരുന്നു. ഇതിനുശേഷമാണ് വിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടന്നത്. അതിനിടെ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പരിഹസിച്ച് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പ്രസംഗിച്ചു. ഒന്‍പത് തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നിതീഷ് ചരിത്രം സൃഷ്ടിച്ചുവെന്ന് തേജസ്വി പറഞ്ഞു. നിതീഷിനെ ബിഹാറിലെ ജനങ്ങള്‍ വിശ്വസിക്കുന്നില്ല.

നിതീഷ് കുമാർ ഇനി മറുകണ്ടം ചാടില്ലെന്ന് പ്രധാനമന്ത്രി മോദിക്ക് ഉറപ്പ് പറയാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. നിതീഷിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കാതെ തലപ്പാവ് അഴിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത സാമ്രാട്ട് ചൗധരി ഉപമുഖ്യമന്ത്രിയായെന്നും തേജസ്വി പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കറായ ജെഡിയു എംഎല്‍എ മഹേശ്വർ ഹസാരിയാണ് വിശ്വാസ വോട്ടെടുപ്പ് നിയന്ത്രിച്ചത്. വിശ്വാസ വോട്ടെടുപ്പിന് മുൻപ് മൂന്ന് ആർജെഡി എംഎല്‍എമാർ എൻഡിഎ പക്ഷത്തേക്ക് കൂറുമാറിയിരുന്നു. നീലം ദേവി, പ്രഹ്ളാദ് യാദവ്, ചേതന്‍ ആനന്ദ് എന്നിവരാണ് നിതീഷ് പക്ഷത്തിനൊപ്പം ചേർന്നത്. 243 അംഗ സഭയില്‍ ഭൂരിപക്ഷത്തിന് 122 എംഎല്‍എമാരുടെ പിന്തുണ വേണമെന്നിരിക്കെ ഇതിനോടകം തന്നെ 127 എംഎല്‍എമാരുടെ പിന്തുണ എൻഡിഎ പക്ഷത്തിനുണ്ട്. ഇതിന് പുറമേയാണ് മൂന്ന് എംഎല്‍എമാര്‍ കൂടി കൂറുമാറിയത്. ജനുവരി 28നാണ് ഒന്‍പതാം തവണ ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *