ബീഫ് കയറ്റുമതിയിൽ ഇന്ത്യയുടെ മുന്നേറ്റം; വാങ്ങുന്നത് സൗദിയും റഷ്യയും ഉൾപ്പെടെ 70ലേറെ രാജ്യങ്ങൾ

0

ഇന്ത്യ കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) പോത്തിറച്ചി കയറ്റുമതിയിലൂടെ 374.05 കോടി ഡോളറിന്റെ (ഏകദേശം 31,010 കോടി രൂപ) വരുമാനം നേടിയെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലെ അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയുടെ (അപെഡ) റിപ്പോർട്ട്. 70ലേറെ രാജ്യങ്ങളിലേക്ക് ഇന്ത്യ പോത്തിറച്ചി കയറ്റുമതി ചെയ്യുന്നുണ്ട്. സൗദി അറേബ്യ, റഷ്യ, യുഎഇ, അൾജീരിയ, ഇറാഖ്, ഈജിപ്റ്റ്, മലേഷ്യ, വിയറ്റ്നാം, കിഴക്കനേഷ്യൻ രാജ്യങ്ങൾ, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങിയവയാണ് മുഖ്യ വിപണികൾ.ഇന്ത്യയിൽ നിന്നുള്ള മൊത്തം മൃഗോൽപന്ന കയറ്റുമതിയിൽ 82 ശതമാനവും പോത്തിറച്ചിയാണ്.

കഴിഞ്ഞവർഷം ഇറച്ചി, പാൽ, മുട്ട തുടങ്ങിയവയുടെ കയറ്റുമതിയിലൂടെ ആകെ 37,665.51 കോടി രൂപയുടെ (454.35 കോടി ഡോളർ) വരുമാനം ഇന്ത്യ നേടി. ഇതിൽ മുന്തിയപങ്കും പോത്തിറച്ചി കയറ്റുമതിയായിരുന്നു. ആടിന്റെ ഇറച്ചി കയറ്റുമതിയിലൂടെ 643.55 കോടി രൂപയും കോഴിയിറച്ചിയും അനുബന്ധ ഉൽപന്നങ്ങളും കയറ്റുമതി ചെയ്തതുവഴി 1,530.20 കോടി രൂപയും ലഭിച്ചു. പാലുൽപന്നങ്ങൾ വഴി 2,260.94 കോടി രൂപയും പ്രകൃതിദത്ത തേൻ വഴി 1,470.84 കോടി രൂപയും ലഭിച്ചുവെന്നും അപെഡ വ്യക്തമാക്കുന്നു. മികച്ച നിലവാരമുണ്ടെന്നതാണ് ഇന്ത്യൻ ഉൽപന്നങ്ങളുടെ സ്വീകാര്യതയ്ക്ക് പിന്നിൽ. ലോകത്തെ ഏറ്റവും വലിയ പാലുൽപാദകർ എന്ന നേട്ടം 2022ൽ ഇന്ത്യ 24 ശതമാനം വിഹിതത്തോടെ സ്വന്തമാക്കിയിരുന്നു. മുട്ട ഉൽപാദനത്തിൽ 7.25 ശതമാനമാണ് ഇന്ത്യയുടെ വിഹിതം.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *