വെട്ടിനുറുക്കി കുഴിച്ചിട്ടത് സുഹൃത്ത് ; സഹോദരനെപോലെ കണ്ടിട്ടും! ബ്യൂട്ടിപാർലർ അടച്ചതിന് ശേഷം വിവരമില്ല
ജയ്പുര്‍: രാജസ്ഥാനിലെ ജോധ്പുരില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയെ കൊന്ന് കുഴിച്ചിട്ട സംഭവത്തില്‍ സുഹൃത്തിനായി പോലീസിന്റെ തിരച്ചില്‍ തുടരുന്നു. ജോധ്പുര്‍ സ്വദേശിയായ അനിത ചൗധരി(50)യുടെ കൊലപാതകത്തിലാണ് കുടുംബസുഹൃത്തായ ഗുല്‍ മുഹമ്മദിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഗുല്‍ മുഹമ്മദിന്റെ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്.
ഒക്ടോബര്‍ 27 മുതല്‍ കാണാതായ അനിത ചൗധരിയുടെ മൃതദേഹം കഴിഞ്ഞദിവസമാണ് ഗുല്‍ മുഹമ്മദിന്റെ വീട്ടുവളപ്പില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. ജോധ്പുരില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന അനിത ചൗധരി ഒക്ടോബര്‍ 27-ാം തീയതി ഉച്ചയ്ക്ക് രണ്ടരയോടെയാണ് പാര്‍ലര്‍ അടച്ച് വീട്ടിലേക്ക് തിരിച്ചത്. എന്നാല്‍, രാത്രി വൈകിയിട്ടും അനിത വീട്ടിലെത്തിയില്ല. ഇതോടെ ഭര്‍ത്താവ് മന്‍മോഹന്‍ ചൗധരി(56) പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് അനിതയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അന്വേഷണം ഗുല്‍ മുഹമ്മദിലേക്കെത്തിയത്. അനിതയുടെ അവസാന ടവര്‍ ലൊക്കേഷന്‍ ഇവരുടെ കുടുംബസുഹൃത്ത് കൂടിയായ മുഹമ്മദിന്റെ വീടിന് സമീപമാണെന്ന് തിരിച്ചറിഞ്ഞതോടെ ഇയാളെ കേന്ദ്രീകരിച്ചായി അന്വേഷണം. പോലീസ് സംഘം മുഹമ്മദിന്റെ വീട്ടിലെത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഇയാളുടെ ഭാര്യയെ ചോദ്യംചെയ്തതോടെയാണ് അനിതയെ കൊലപ്പെടുത്തി മൃതദേഹം വീടിന് പിറകില്‍ കുഴിച്ചിട്ടതായി ഇവര്‍ മൊഴി നല്‍കിയത്.
പോലീസ് നടത്തിയ പരിശോധനയില്‍ ആറുകഷണങ്ങളാക്കി വെട്ടിനുറുക്കിയനിലയിലാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പിന്നീട് പോസ്റ്റ്‌മോര്‍ട്ടത്തിനായി എയിംസിലേക്ക് മാറ്റി.
പോലീസ് തിരയുന്ന ഗുല്‍ മുഹമ്മദ് ഏറെക്കാലമായി അനിതയുടെ കുടുംബവുമായി ബന്ധമുള്ള ആളാണെന്നാണ് റിപ്പോര്‍ട്ട്. ഒരു സഹോദരനായാണ് ഗുല്‍മുഹമ്മദിനെ അനിത കണ്ടിരുന്നതെന്നും ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പോലീസ് പറഞ്ഞു.