‘ബാറ്റ്മാന്‍’ താരം വാല്‍ കില്‍മര്‍ അന്തരിച്ചു

ഹോളിവുഡ് താരം വാല്‍ കില്‍മര്‍ അന്തരിച്ചു. ന്യൂമോണിയെ തുടര്‍ന്ന് ലോസ് ആഞ്ചല്‍സില്‍ വച്ചാണ് അന്ത്യം. ‘ബാറ്റ്മാന്‍ ഫോറെവര്‍’ എന്ന ചിത്രത്തിലെ ബാറ്റ്മാനെയും, ‘ദി ഡോര്‍സ്’ എന്ന ചിത്രത്തിലെ ജിം മോറിസണ്‍ എന്ന കഥാപാത്രത്തെയും അനശ്വരനാക്കിയ നടനാണ് വാല്‍ കില്‍മര്‍.1984ല്‍ ‘ടോപ്പ് സീക്രട്ട്’ എന്ന ചിത്രത്തിലൂടെയാണ് വാല്‍ കില്‍മര്‍ ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ‘ടോപ്പ് ഗണ്‍’, ‘റിയല്‍ ജീനിയസ്’, ‘വില്ലോ’, ‘ഹീറ്റ്’, ‘ദി സെയിന്റ്’ തുടങ്ങിയവയാണ് നടന്റെ ഹിറ്റ് സിനിമകള്‍. 1991ല്‍ ഒലിവര്‍ സ്റ്റോണിന്റെ ‘ദി ഡോര്‍സ്’ എന്ന സിനിമയിലെ ഗായകന്‍ മോറിസണ്‍ നടന്റെ സൂപ്പര്‍ ഹിറ്റ് കഥാപാത്രങ്ങളില്‍ ഒന്നാണ്.
കാന്‍സറിനെ തുടര്‍ന്ന് നടന് സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് താരം സുഖം പ്രാപിച്ചിരുന്നു. 2021ല്‍ ടോം ക്രൂയിസിന്റെ ‘ടോപ്പ് ഗണ്‍: മാവെറിക്ക്’ എന്ന സിനിമയിലൂടെ താരം അഭിനയത്തിലേക്ക് മടങ്ങി എത്തിയിരുന്നു. നടന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ‘വാല്‍’ എന്ന ഡോക്യുമെന്ററിയും പുറത്തിറങ്ങിയിരുന്നു.