പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ജൂലായ് ഒന്ന് മുതല്‍: നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍
ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ 2024 ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍. ജൂലൈ ഒന്നു മുതൽ പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാർ പുനഃപരിശോധിക്കില്ലെന്ന് കേന്ദ്രമന്ത്രി വാർത്താ ഏജൻസിയോട് വ്യക്തമാക്കി.
ഇതോടെ രാജ്യത്ത് നിലനിൽക്കുന്ന ക്രിമിനൽ നിയമങ്ങളിൽ ജൂലൈ മുതൽ പൊളിച്ചെഴുത്തുണ്ടാകും. 1860-ലെ ഇന്ത്യന്‍ ശിക്ഷാനിയമം (ഐപിസി), 1898ലെ ക്രിമിനല്‍ നടപടിച്ചട്ടം (സിആര്‍പിസി), 1872ലെ ഇന്ത്യന്‍ തെളിവ് നിയമം എന്നിവയ്ക്കു പകരമായി ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്), ഭാരതീയ സാക്ഷ്യ (ബിഎസ്) എന്നീ നിയമങ്ങളാണ് ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തിൽ വരുന്നത്.
കൂടിയാലോചനകള്‍ക്കുശേഷം, നിയമ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ചുകൊണ്ടാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പുതിയ നിയമങ്ങളുമായി ബന്ധപ്പെട്ട പരിശീലന സൗകര്യങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി. ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് (ബിപിആർഡി) ഇതിനായി പരിശീലനം നൽകുന്നുണ്ട്. ജുഡീഷ്യൽ അക്കാദമികളും ദേശീയ നിയമ സർവകലാശാലകളും ഇതിനായി പരിശീലനം നൽകി വരുന്നു.
2023 ഓഗസ്റ്റ് 11-ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ആദ്യ ബില്ലുകള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നു. കമ്മിറ്റി നവംബര്‍ പത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ഡിസംബര്‍ 11-ന് ബില്ലുകള്‍ പിന്‍വലിച്ചു. 2023 ഡിസംബറിലെ ശീതകാല സമ്മേളനത്തില്‍ പാർലമെന്‍റ് നിയമങ്ങൾ പാസാക്കിയിരുന്നു. അതേ മാസം തന്നെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്‍റെ അനുമതി ലഭിച്ചെങ്കിലും, കേന്ദ്രം അവരുടെ വിജ്ഞാപനം മാറ്റിവച്ചതിനാൽ അവ പ്രാബല്യത്തിൽ വന്നില്ല