യാത്രാവിലക്ക് നേരിട്ട് മലയാളികളും, തൃശൂർ സ്വദേശിനി നിയമനടപടിക്ക്; വായ്പ അടച്ചുതീർത്തിട്ടും കേസ് നൽകി ബാങ്ക്
അബുദാബി ∙ വായ്പ പൂർണമായും അടച്ചവർ ക്ലോഷർ ലെറ്റർ വാങ്ങുന്നതിനൊപ്പം നേരത്തെ ബാങ്കിനു നൽകിയിരുന്ന സെക്യൂരിറ്റി ചെക്ക് തിരിച്ചുവാങ്ങിയില്ലെങ്കിൽ കുടുങ്ങാൻ സാധ്യത. തിരിച്ചുവാങ്ങാത്ത ചെക്ക് ഉപയോഗിച്ച് ബാങ്ക് കേസ് കൊടുത്തതുമൂലം യാത്രാ വിലക്ക് നേരിട്ടവരിൽ ഒട്ടേറെ മലയാളികളുമുണ്ട്. ഇങ്ങനെ അടുത്തയിടെ യാത്രാവിലക്ക് നേരിട്ടവരിൽ തൃശൂർ സ്വദേശിനിയും ഉൾപ്പെടും.
4 വർഷം മുൻപ് അടച്ചുതീർത്ത വായ്പയുടെ പേരിലാണ് ഇവർക്കെതിരെ അത്രയും തുക അടയ്ക്കാനുണ്ടെന്ന് പറഞ്ഞ് വീണ്ടും കേസ് ഫയൽ ചെയ്തത്. അമ്മയ്ക്കു സുഖമില്ലാത്തതിനാൽ അടിയന്തരമായി നാട്ടിൽ പോകാൻ അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് യാത്രാ വിലക്കുള്ളത് അറിയുന്നത്. പിന്നീട് വായ്പ പൂർണമായും അടച്ചെന്ന തെളിവ് സഹിതം ബോധ്യപ്പെടുത്തി കേസ് പിൻവലിക്കുമ്പോഴേക്കും ആഴ്ചകൾ പിന്നിട്ടു. ഇതിനിടയിൽ അനുഭവിച്ച ബുദ്ധിമുട്ടിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബാങ്കിനെതിരെ കേസ് കൊടുക്കാനുള്ള തയാറെടുപ്പിലാണ് ഇവർ.
ബാങ്കിന്റെ വീഴ്ച
കുടിശികയുള്ള കേസുകളിൽ വ്യക്തികളെ ബാങ്ക് ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ചിട്ടു കിട്ടുന്നില്ലെങ്കിൽ പണം ഈടാക്കാൻ സെക്യൂരിറ്റി ചെക്ക് റിക്കവറി വിഭാഗത്തിന് കൈമാറും. അവർ ഫയൽ പരിശോധിച്ച് മാസങ്ങൾ കഴിഞ്ഞാകും കേസ് കൊടുക്കുക. അതിനിടയിൽ വ്യക്തിയും ബാങ്കും തമ്മിൽ ഒത്തുതീർപ്പ് ചർച്ച നടത്തുകയും കുടിശ്ശിക അടയ്ക്കുകയോ തവണകളായി അടയ്ക്കാൻ കരാറാവുകയോ ചെയ്തിരിക്കും. എന്നാൽ ഈ വിവരം യഥാസമയം റിക്കവറി വിഭാഗത്തെ അറിയിക്കുന്നതിലുള്ള വീഴ്ചയാണ് ഇത്തരം സംഭവങ്ങൾക്ക് കാരണം.