ഒൻപതാം വിക്കറ്റിൽ സെഞ്ചറി കൂട്ടുകെട്ട്, എന്നിട്ടും ബംഗ്ലദേശ് 159ന് പുറത്ത്; ഫോളോഓൺ ചെയ്ത് വീണ്ടും കൂട്ടത്തകർച്ച!
ചറ്റോഗ്രാം∙ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില ബംഗ്ലദേശ് ഇന്നിങ്സ് തോൽവിയിലേക്ക്. ഒന്നാം ഇന്നിങ്സിൽ 45.2 ഓവറിൽ 159 റൺസിന് ഓൾഔട്ടായ ബംഗ്ലദേശിനെ, ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ മർക്രം ഫോളോഓൺ ചെയ്യിപ്പിച്ചു. രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകർച്ച നേരിടുന്ന ബംഗ്ലദേശിന്, 47 റൺസ് എടുക്കുമ്പോഴേയ്ക്കും അഞ്ച് വിക്കറ്റ് നഷ്ടായി. അഞ്ച് വിക്കറ്റ് മാത്രം കയ്യിലിരിക്കെ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ വേണ്ടത് 369 റൺസ്. ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോ 15 റൺസോടെയും മെഹ്ദി ഹസൻ മിറാസ് ഒരു റണ്ണോടെയും ക്രീസിൽ.
ഓപ്പണർ മഹ്മൂദ് ഹസൻ ജോയ് (31 പന്തിൽ 11), ഷാദ്മൻ ഇസ്‍ലാം (16 പന്തിൽ ആറ്), സാക്കിർ ഹസൻ (26 പന്തിൽ ഏഴ്), മോമിനുൽ ഹഖ് (0), മുഷ്ഫിഖുർ റഹിം (2) എന്നിവരാണ് രണ്ടാം ഇന്നിങ്സിൽ പുറത്തായ ബംഗ്ലദേശ് താരങ്ങൾ. മൂന്നു വിക്കറ്റുമായി സെനുരൻ മുത്തുസാമിയാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയത്. ഡെയ്ൻ പാറ്റേഴ്സൻ, കേശവ് മഹാരാജ് എന്നിവർക്ക് ഓരോ വിക്കറ്റും ലഭിച്ചു.
നേരത്തെ, ഒന്നാം ഇന്നിങ്സിൽ ഒൻപതാം വിക്കറ്റിൽ തകർപ്പൻ സെഞ്ചറി കൂട്ടുകെട്ടുമായി മോമിനുൽ ഹഖ് – തയ്ജുൽ ഇസ്‍ലാം സഖ്യം കരുത്തുകാട്ടിയെങ്കിലും ബംഗ്ലദേശ് 45.2 ഓവറിൽ 159 റൺസിന് എല്ലാവരും പുറത്തായി. ഒരു ഘട്ടത്തിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 48 റൺസ് എന്ന നിലയിൽ തകർന്ന ബംഗ്ലദേശിനെ, ഒൻപതാം വിക്കറ്റിൽ സെഞ്ചറി കൂട്ടുകെട്ട് തീർത്താണ് ഇരുവരും വൻ നാണക്കേടിൽനിന്ന് രക്ഷഇച്ചത്. ഇരുവരും 103 റൺസാണ് കൂട്ടിച്ചേർത്തത്.
112 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും സഹിതം 82 റൺസെടുത്ത മോമിനുൽ ഹഖാണ് ടോപ് സ്കോറർ. തയ്ജുൽ ഇസ്‍ലാം 95 പന്തിൽ ഒരു ഫോർ സഹിതം 30 റൺസെടുത്തു. ഇവർക്കു പുറമേ ഒന്നാം ഇന്നിങ്സിൽ ബംഗ്ലദേശ് നിരയിൽ രണ്ടക്കം കണ്ടത് ഒരേയൊരാൾ മാത്രം. 21 പന്തിൽ ഒരു ഫോർ സഹിതം 10 റൺസെടുത്ത ഓപ്പണർ മഹ്മൂദ് ഹസൻ ജോയ്. ഷാദ്മൻ ഇസ്‍ലാം (0), സാക്കിർ ഹസൻ (എട്ടു പന്തിൽ രണ്ട്), ഹസൻ മഹ്മൂദ് (ഏഴു പന്തിൽ മൂന്ന്), ക്യാപ്റ്റൻ ഷാന്റോ (17 പന്തിൽ ഒൻപത്), മുഷ്ഫിഖുർ റഹിം (0), മെഹ്ദി ഹസൻ മിറാസ് (മൂന്നു പന്തിൽ ഒന്ന്), മഹിദുൽ ഇസ്‌ലാം ആങ്കൺ (0) എന്നിവർ നിരാശപ്പെടുത്തി.
ദക്ഷിണാഫ്രിക്കയ്ക്കായി പേസ് ബോളർ കഗീസോ റബാദ ഒൻപത് ഓവറിൽ 37 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. ടെസ്റ്റ് ബോളർമാരുടെ റാങ്കിങ്ങിൽ ഇന്ത്യയുടെ ജസ്പ്രീത് ബുമ്രയെ പിന്തള്ളി ഒന്നാമനായതിനു തൊട്ടുപിന്നാലെയാണ് റബാദയുടെ അഞ്ച് വിക്കറ്റ് നേട്ടം. ഡെയ്ൻ പാറ്റേഴ്സൻ, കേശവ് മഹാരാജ് എന്നിവർ രണ്ടും സെനുരൻ മുത്തുസാമി ഒരു വിക്കറ്റും വീഴ്ത്തി.
മൂന്നു താരങ്ങൾ ടെസ്റ്റിലെ കന്നി സെഞ്ചറി കുറിച്ച ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 144.2 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 575 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. ഓപ്പണർ ടോണി ഡിസോർസി (269 പന്തിൽ 177), ട്രിസ്റ്റൻ സ്റ്റബ്സ് (198 പന്തിൽ 106), വിയാൻ മുൾഡർ (150 പന്തിൽ 105*) എന്നിവരാണ് ഒറ്റ ഇന്നിങ്സിൽ ടെസ്റ്റിലെ കന്നി സെഞ്ചറി കുറിച്ചത്. ബെഡിങ്ങാം (59), സെനുരൻ മുത്തുസാമി (68*) എന്നിവർ അർധസെഞ്ചറിയും നേടി. ബംഗ്ലദേശിനായി തയ്ജുൽ ഇസ്‍ലാം 52.2 ഓവറിൽ 198 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി.