ഇന്ത്യയ്ക്ക് വെല്ലുവിളിയായി ബംഗ്ലാദേശ് – പാക് ബന്ധം ശക്തമാകുന്നു

0

ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളി ഉയർത്തിക്കൊണ്ട് ബംഗ്ലാദേശ് – പാക് ബന്ധം ശക്തമാകുന്നു:  1971ലെ ഇന്ത്യ പാക്ക് യുദ്ധത്തെ തുടർന്ന് സ്വതന്ത്രമാക്കപ്പെട്ട ബംഗ്ലാദേശ്, അന്നുവരെ ഈസ്റ്റ് പാക്കിസ്ഥാൻ എന്ന പേരിൽ, പാക്കിസ്ഥാൻ എന്ന രാജ്യത്തിന്റെ ഭാഗമായിരുന്നു. തുടർന്ന് ഇന്ത്യയുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ഈ രാജ്യം ഇപ്പോൾ വീണ്ടും പാകിസ്ഥാനോട് അടുക്കുകയാണ്. ഇതോടെ കിഴക്കൻ അതിർത്തിയിൽ സംഘർഷ സമാനമായ സാഹചര്യങ്ങൾ ഉണ്ടാവുകയും, അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനങ്ങൾ പടിഞ്ഞാറൻ അതിർത്തിയിൽ ശക്തമാവുകയും ചെയ്തു.

1971 ൽ ബംഗബന്ധു ഷെയ്ഖ് മുജിബുര്‍ റഹ്മാനാണ് ബംഗ്ലാദേശിലെ സൈന്യത്തിന്റെ അതിക്രമങ്ങൾക്കെതിരെ ജനകീയ പ്രതിരോധം ശക്തമാക്കുകയും ഇന്ത്യൻ സൈന്യത്തിന് സഹായം ഒരുക്കുകയും, പാക്കിസ്ഥാനിൽ നിന്ന് ബംഗ്ലാദേശിനെ സ്വതന്ത്രമാക്കുകയും ചെയ്തത്. എന്നാൽ ഷെയ്ഖ് ഹസീനയ്ക്കെതിരെ കഴിഞ്ഞ ജൂലൈയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തെ തുടർന്ന് രാഷ്ട്രപിതാവായ മുജീബുർ റഹ്മാന്റെ പ്രതിമ ധാക്കയിൽ തകർക്കപ്പെട്ടിരുന്നു.

മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാർ അധികാരമേറ്റശേഷം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സൗഹൃദം ഉലയുന്നതാണ് കണ്ടത്. ബംഗ്ലാദേശിലെ ഹിന്ദുക്കൾ അതിക്രൂരമായ ആക്രമണങ്ങൾക്ക് ഇരകളാക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ അര നൂറ്റാണ്ടുകാലത്തെ ചരിത്രത്തിൽ നിന്ന് വ്യത്യസ്തമായി, കറാച്ചിയിൽ നിന്ന് ഒരു കാർഗോ കപ്പൽ ബംഗ്ലാദേശിലെ ചത്തോഗ്രാം തുറമുഖത്ത് നങ്കൂരമിട്ടത് ഈ അടുത്താണ്. ഇതോടെ ഇരു രാജ്യങ്ങളും തമ്മിൽ പഴയകാല ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കുന്നതായാണ് തെളിയുന്നത്.

പാക്കിസ്ഥാനിൽ നിന്ന് പുറപ്പെട്ട മറ്റൊരു ചരക്ക് കപ്പൽ ബംഗ്ലാദേശിലെ മംഗള തുറമുഖത്ത് അടുത്തദിവസം നങ്കൂരമിടും. 25 മെട്രിക് ടൺ അരിയുമായി കറാച്ചിയിലെ കാസിം തുറമുഖത്ത് നിന്ന് പുറപ്പെട്ട മറ്റൊരു കപ്പൽ ചിറ്റഗോങ് തുറമുഖത്ത് ഈ ആഴ്ച നങ്കൂരമിടും. കപ്പലിലെ 60 ശതമാനം അരിയും ചിറ്റഗോങ്ങിൽ ഇറക്കിയ ശേഷം മംഗളാ തുറമുഖത്തേക്ക് പോയി അവശേഷിക്കുന്ന അരി അവിടെ ഇറക്കും.പാക്കിസ്ഥാനിലെ വിദേശകാര്യ മന്ത്രി ഇശാഖ് ധർ, പാക്കിസ്ഥാന്റെ നഷ്ടപ്പെട്ടുപോയ സഹോദരൻ എന്നാണ് ബംഗ്ലാദേശിനെ വിശേഷിപ്പിച്ചത്. ഇരു രാജ്യങ്ങളും തമ്മിൽ പ്രതിരോധ സഹകരണവും മെച്ചപ്പെടുത്തുന്നതായാണ് വിവരം. രഹസ്യന്വേഷണ ഏജൻസികൾ തമ്മിൽ ധാരണയുണ്ടാക്കുകയും ഇന്ത്യയോട് അടുത്ത അതിർത്തി പ്രദേശങ്ങളിൽ പ്രവർത്തനം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം ബംഗ്ലാദേശ് തുർക്കിയുമായും സഹകരണം ലക്ഷ്യമിടുന്നുണ്ട്. തുർക്കിയിൽ നിന്നും ബംഗ്ലാദേശ് സൈന്യം ഈയിടെ ആധുനിക ഡ്രോണുകൾ വാങ്ങിയിരുന്നു. ഇന്ത്യൻ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കാൻ വേണ്ടിയാണ് ബംഗ്ലാദേശ് സൈന്യം ഡ്രോണുകൾ വാങ്ങിക്കൂട്ടിയത്. ബംഗ്ലാദേശിൽ തടവിൽ കഴിയുന്ന തീവ്രവാദികളെ വിട്ടയക്കാൻ ഉള്ള ശ്രമങ്ങളും പാക്കിസ്ഥാൻ നടത്തുന്നുണ്ട്. ഇതും ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാണ്.

ബംഗ്ലാദേശിൽ ഇന്ത്യൻ അതിർത്തിയോട് ചേർന്ന് പാകിസ്ഥാൻ സൈന്യത്തിന്റെയും രഹസ്യന്വേഷണ വിഭാഗത്തിന്റെയും ഉദ്യോഗസ്ഥരെ കണ്ടതിൽ കരസേന മേധാവി ജനറൽ ഉഭേന്ദ്ര ദ്വിവേദി ആശങ്ക അറിയിച്ചിരുന്നു. ഈ മേഖലകളിൽ എല്ലാം ഇന്ത്യയും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പാക്കിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള സൗഹൃദം ആഴത്തിൽ നിരീക്ഷിച്ചുവരികയാണ് ഇന്ത്യ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *