കഞ്ചാവ് കടത്ത്: ബംഗാളി ബീവിയും സുഹൃത്തും എക്സൈസ് പിടിയിൽ
കൊച്ചി: കേരളത്തിലേക്കു ലഹരി എത്തുന്നവരിൽ പ്രധാനിയായ ‘ബംഗാളി ബീവി’യെ എക്സൈസ് പിടികൂടി. ഉത്തരേന്ത്യയിൽ നിന്ന് സംസ്ഥാനത്തേക്ക് വൻ തോതിൽ ലഹരി എത്തിക്കുന്ന സംഘത്തിലെ അംഗമാണു ബംഗാളി ബീവി. ഇടപാടുകാർക്കിടയിലെ ബംഗാളി ബീവി എന്ന് വിളിപ്പേരുള്ള ഇവരുടെ യഥാർത്ഥ പേര് ടാനിയ പർവീൺ(18) എന്നാണ്. ബംഗാൾ നോവപാറ മാധവ്പൂർ സ്വദേശിനിയാണ്. പത്തു ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായാണ് ഇവരെ എക്സൈസ് പിടികൂടിയത്. ഇവരുടെ സുഹൃത്തും ലഹരിക്കച്ചവടക്കാരനുമായ അസം നൗഗോൺ അബാഗൻ സ്വദേശി ബഹറുൾ ഇസ്ലാമും (കബൂത്തർ സേട്ട്-24) പിടിയിലായിട്ടുണ്ട്.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ്, എക്സൈസ് ഇന്റലിജൻസ്, എറണാകുളം സ്പെഷൽ സ്ക്വാഡ് എന്നിവർ ചേർന്നു നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്. 33 ഗ്രാം ഹെറോയിനും 25 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇടപാടുകാരുമായി ബന്ധപ്പെടാൻ ഉപയോഗിച്ച 2 സ്മാർട്ട് ഫോണുകൾ, ലഹരിമരുന്നു വിറ്റു കിട്ടിയ 19,500 രൂപ, ലഹരിമരുന്ന് തൂക്കി തിട്ടപ്പെടുത്താനുള്ള ഡിജിറ്റൽ സ്കെയിൽ എന്നിവയും ഇവരിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അസം–ഭൂട്ടാൻ അതിർത്തിയിലെ കരീംഗഞ്ചിൽ നിന്നാണ് പ്രതികൾ ലഹരി എത്തിച്ചിരുന്നത്
(അറിയിപ്പ്)
( എക്സൈസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഞങ്ങൾ ഈ വാർത്ത നൽകിയിരിക്കുന്നത് ഇതിൽ പറയുന്ന പ്രതി/പ്രതികൾ, നിരപരാധിയാണോ /കുറ്റക്കാരനാണോ എന്നുള്ളത് ബഹുമാനപ്പെട്ട കോടതികളാണ് തീരുമാനിക്കുന്നത്. അതിനാൽ ഈ വാർത്ത സംബന്ധിച്ച് നിങ്ങൾക്ക് എന്തെങ്കിലും ദോഷങ്ങൾ സംഭവിച്ചാൽ ലേഖകനോ/ചാനൽ കമ്പനിയെ ഉത്തരവാദികളല്ല)