ഇ-സ്‌കൂട്ടറുകൾക്ക് മെട്രോയിലും ട്രാമിലും വിലക്ക്
ദുബായ്: മെട്രോയിലും ട്രാമിലും ഇ- സ്‌കൂട്ടറുകൾക്ക് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വിലക്കേർപ്പെടുത്തി. നിരോധനം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. സൈക്കിളുകളും ഇലക്ട്രിക് സ്‌കൂട്ടറുകളും ഉപയോഗിക്കുന്നവർ നടത്തുന്ന നിയമലംഘനങ്ങൾ കണ്ടെത്തുന്നത് റോബോട്ട് ആയിരിക്കുമെന്ന് അധികൃതർ വെളിപ്പെടുത്തിയിരുന്നു.
2022 ഏപ്രിൽ മുതൽ 63,500-ലധികം ഇ-സ്‌കൂട്ടർ പെർമിറ്റുകൾ നൽകിയിരുന്നു. സമീപ വർഷങ്ങളിൽ ഇ-സ്‌കൂട്ടറുകൾ കൂടുതൽ ജനപ്രിയമായ ഗതാഗത മാർഗ്ഗമായി മാറിയിട്ടുണ്ട്. എന്നാൽ 2023 ൽ സുരക്ഷാ കാരണങ്ങളാൽ ചില റെസിഡൻഷ്യൽ അപ്പാർട്ട്മെന്റുകൾക്കുള്ളിൽ ഇ-സ്കൂട്ടറുകൾ കൊണ്ടുവരുന്നത് നിരോധിച്ചിരുന്നു. ഇ-സ്‌കൂട്ടറുകൾ വിവേചനരഹിതമായി പാർക്ക് ചെയ്ത് നടപ്പാതകൾ തടയുകയും, പാർക്കിംഗ് സ്‌ലോട്ടുകൾ ലഭിക്കാതെ വരികയും ചെയ്യുന്നതിനെക്കുറിച്ച് കഴിഞ്ഞ വർഷം നിരവധി താമസക്കാരും വാഹനമോടിക്കുന്നവരും പരാതിപ്പെട്ടിരുന്നു. കൂടാതെ കഴിഞ്ഞ മാസം ഇലക്ട്രിക് സ്‌കൂട്ടറിൽ നിന്ന് പുക കണ്ടെത്തിയതിനെ തുടർന്ന് ഓൺപാസീവ് മെട്രോ സ്റ്റേഷനിലെ സേവനങ്ങൾ ഒരു മണിക്കൂറോളം വൈകിയിരുന്നു. ഈ സാഹചര്യത്തിലാണ് ആർടിഎയുടെ പുതിയ നീക്കം.