പന്തെറിഞ്ഞ 7 പേർക്കും വിക്കറ്റ്, പാണ്ഡ്യയും സൂര്യയും റിങ്കുവും വേറെ; ഔട്ടാക്കിയാലും ‘തീരാത്ത’ ബാറ്റിങ് നിര; ഇത് ‘ഗംഭീറിന്റെ ഇന്ത്യ’!
ന്യൂഡൽഹി ∙ സഞ്ജു സാംസൺ, അഭിഷേക് ശർമ, സൂര്യകുമാർ യാദവ്… ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ട്വന്റി20യിൽ ഈ ഫോർമാറ്റിലെ ഏറ്റവും വിനാശികാരികളായ ഈ മൂന്നു ബാറ്റർമാരെ താരതമ്യേന ചെറിയ സ്കോറിൽ പുറത്താക്കിയപ്പോൾ ബംഗ്ലദേശ് കുറച്ചു മനക്കോട്ടകളൊക്കെ കെട്ടിപ്പൊക്കിയതാണ്. പക്ഷേ, പിന്നീട് സംഭവിച്ചതോ… പിന്നാലെ വന്ന നിതീഷ് റെഡ്ഡിയും (74), റിങ്കു സിങ്ങും (59) അർധസെഞ്ചറികളുമായി തിരിച്ചടിച്ചു. സെഞ്ചറി കൂട്ടുകെട്ടുമായി തകർത്തടിച്ച ഇവരെ പിരിച്ച് ഒരുവിധത്തിൽ ഒന്നു നേരെ നിന്നപ്പോഴോ, പിന്നാലെ വന്നത് ഹാർദിക് പാണ്ഡ്യ, റിയാൻ പരാഗ്, വാഷിങ്ടൻ സുന്ദർ..!
ഇത് ബാറ്റിങ്ങിന്റെ കാര്യം. ഇനി ബോളിങ്ങിലേക്കു വന്നാലോ? 221 റൺസടിച്ചുകൂട്ടിയ ശേഷം അതു പ്രതിരോധിക്കാനിറങ്ങിയ ഇന്ത്യയ്ക്കായി പന്തെറിഞ്ഞത് 7 ബോളർമാരാണ്. ഏഴു പേർക്കും വിക്കറ്റും കിട്ടിയെന്നതാണ് ടീം ഇന്ത്യയെ സംബന്ധിച്ചുള്ള സുവിശേഷം. ഇന്ത്യയുടെ പ്രീമിയർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ, അടുത്തിടെ ശ്രീലങ്കയിൽ ഇതേ ഫോർമാറ്റിൽ പന്തെറിഞ്ഞ് കളിതിരിച്ച ചരിത്രമുള്ള റിങ്കു സിങ്, ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എന്നിവർ കൂടി ചേർന്നാൽ ഇന്ത്യൻ ടീമിന്റെ ബോളിങ് യൂണിറ്റിലുള്ളത് 10 പേർ! പന്തെറിയാൻ ബാക്കിയുള്ളത് വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസൺ മാത്രം!
അപ്പോഴും, ട്വന്റി20 ഫോർമാറ്റിൽ ഇന്ത്യൻ ടീമിന്റെ നട്ടെല്ലുകളെന്ന് വിശേഷിപ്പിക്കാവുന്ന ജസ്പ്രീത് ബുമ്ര, ഋഷഭ് പന്ത്, യശസ്വി ജയ്‌സ്വാൾ തുടങ്ങിയവർ ടീമിന്റെ ഭാഗമല്ലെന്ന് ഓർക്കണം. ഇവർക്കു പുറമേ ശുഭ്മൻ ഗിൽ, കുൽദീപ് യാദവ് തുടങ്ങിയവരും പുറത്തുനിൽക്കുന്നു! 2026ലെ ട്വന്റി20 ലോകകപ്പ് മുൻനിർത്തി ടീമിനെ തെളിച്ചെടുക്കാനുള്ള ഗൗതം ഗംഭീറിന്റെയും സൂര്യകുമാർ യാദവിന്റെ ശ്രമം, ശരിയായ ട്രാക്കിൽ തന്നെയാണെന്ന ഓർപ്പെടുത്തലോടെയാണ് ബംഗ്ലദേശിനെതിരായ ആദ്യ രണ്ട് ട്വന്റി20 മത്സരങ്ങളും ഇന്ത്യ ജയിച്ചുകയറിയത്.
∙ വരിഞ്ഞുമുറുക്കി നേടിയ വിജയം!
തകർപ്പൻ ബാറ്റിങ്ങും പിശുക്കൻ ബോളിങ്ങുമായി ബംഗ്ലദേശിനെ വരിഞ്ഞുമുറുക്കിയ ഇന്ത്യ, രണ്ടാം ട്വന്റി20 ക്രിക്കറ്റിൽ 86 റൺസിന്റെ ഉജ്വല ജയമാണ് നേടിയത്. ആദ്യം ബാറ്റു ചെയ്ത് 221 റൺസിന്റെ കൂറ്റൻ സ്കോറുയർത്തിയ ഇന്ത്യ ബംഗ്ലദേശിനെ 135 റൺസിൽ എറിഞ്ഞൊതുക്കി. ഒരു മത്സരം ബാക്കിനിൽക്കെ പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തമായി (2–0). യുവതാരം നിതീഷ് കുമാർ റെഡ്ഡിയും (34 പന്തിൽ 74) റിങ്കു സിങ്ങും (29 പന്തിൽ 53) ബാറ്റിങ്ങിൽ കത്തിക്കയറിയപ്പോൾ ബോളിങ്ങിൽ ബംഗ്ലദേശിനെ വീഴ്ത്തിയത് ഇന്ത്യൻ താരങ്ങൾ ഒറ്റക്കെട്ടായാണ്. ഇന്ത്യയ്ക്കായി പന്തെറിഞ്ഞ 7 പേരും വിക്കറ്റ് നേടി. ഒരു രാജ്യാന്തര ട്വന്റി20യിൽ 7 ഇന്ത്യൻ ബോളർമാർ വിക്കറ്റ് നേടുന്നത് ഇതാദ്യമാണ്.
ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങിയ നിതീഷാണ് പ്ലെയർ ഓഫ് ദ് മാച്ച്. സ്കോർ: ഇന്ത്യ– 20 ഓവറിൽ 9ന് 221. ബംഗ്ലദേശ്– 20 ഓവറിൽ 9ന് 135.
ഗ്വാളിയറിൽ നടന്ന ഒന്നാം ട്വന്റി20യിൽ ഇന്ത്യൻ ബോളാക്രമണത്തിൽ മുൻപിൽ തകർന്നടിഞ്ഞ ബംഗ്ലദേശിനെ ഡൽഹിയിൽ കാത്തിരുന്നത് ബാറ്റർമാരുടെ വെടിക്കെട്ടാണ്. സ്പിന്നർ മെഹ്‌ദി ഹസനെറിഞ്ഞ ആദ്യ ഓവറിൽ 15 റൺസ് നേടിയായിരുന്നു ഇന്ത്യൻ തുടക്കം. എന്നാൽ രണ്ടാം ഓവറിൽ സഞ്ജു സാംസനെയും (10) അടുത്ത ഓവറിൽ സഹ ഓപ്പണർ അഭിഷേക് ശർമയെയും (15) പിന്നാലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെയും (8) പുറത്താക്കിയ ബംഗ്ലദേശ് പേസർമാർ പവർപ്ലേയിൽ ഇന്ത്യയെ വിറപ്പിച്ചു. 41 റൺസിനിടെ 3 വിക്കറ്റ് നഷ്ടമായ ഇന്ത്യ പിന്നീട് നടത്തിയത് ഉജ്വല തിരിച്ചുവരവ്.
∙ നിതീഷ് ഷോ !
പ്രതികൂല സാഹചര്യത്തിൽ ഇന്ത്യയ്ക്കായി രക്ഷാപ്രവർത്തനത്തിനെത്തിയത് കരിയറിലെ രണ്ടാം രാജ്യാന്തര മത്സരം മാത്രം കളിക്കുന്ന ഇരുപത്തൊന്നുകാരൻ നിതീഷാണ്. ആദ്യ 13 പന്തിൽ 13 റൺസുമായി കരുതലോടെ തുടങ്ങിയ താരം സ്പിന്നർമാർക്കെതിരെ ആഞ്ഞടിച്ച് ടോപ് ഗിയറിലായി. അടുത്ത 14 പന്തുകളിൽ 2 ഫോറും 4 സിക്സും സഹിതം 37 റൺസ് നേടിയ യുവതാരം 27 പന്തുകളിൽ തന്റെ കന്നി അർധ സെഞ്ചറിയിലെത്തി. മത്സരത്തിൽ 74 റൺസ് നേടിയ നിതീഷ് അതിൽ 53 റൺസും (19 പന്തുകളിൽ) നേടിയത് സ്പിന്നർമാർക്കെതിരെയാണ്.
സിംഗിളുകളുമായി തുടങ്ങിയശേഷമാണ് റിങ്കു സിങ്ങും ഫോമിലേക്കുയർന്നത്. 26 പന്തിൽ റിങ്കു ട്വന്റി20യിലെ തന്റെ മൂന്നാം അർധ സെഞ്ചറി നേടി. റിങ്കുവും നിതീഷും ചേർന്ന് നാലാം വിക്കറ്റിൽ 49 പന്തിൽ നേടിയ 108 റൺസായിരുന്നു ഇന്ത്യൻ ഇന്നിങ്സിന്റെ അടിത്തറ. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഹാർദിക് പാണ്ഡ്യയുടെയും (19 പന്തിൽ 32) റിയാൻ പരാഗിന്റെയും ഇന്നിങ്സുകൾ (6 പന്തിൽ 15) കൂടി ചേർന്നതോടെ ടീം സ്കോർ 221ൽ എത്തി.
∙ ടോട്ടൽ ബോളിങ്
പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് നേടുന്ന ‘ടോട്ടൽ ക്രിക്കറ്റായിരുന്നു’ ബോളിങ്ങിൽ ഇന്ത്യ ബംഗ്ലദേശിനെതിരെ പയറ്റിയത്. മൂന്നാം ഓവറിൽ പർവേസ് ഹുസൈനെ (16) പുറത്താക്കിയ അർഷ്ദീപ് ആദ്യ മത്സരത്തിലേതുപോലെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. പവർപ്ലേയിൽ പന്തെറിയാനെത്തിയ സ്പിന്നർമാരായ വാഷിങ്ടൻ സുന്ദറും വരുൺ ചക്രവർത്തിയും ആദ്യ ഓവറിൽതന്നെ വിക്കറ്റ് നേടിയാണ് ക്യാപ്റ്റന്റെ തീരുമാനം ശരിവച്ചത്.
42 റൺസ് എടുക്കുന്നതിനിടെ 3 വിക്കറ്റ് നഷ്ടമായ ബംഗ്ലദേശ് ഇന്നിങ്സിനെ കരകയറ്റാൻ മധ്യനിരയിൽ ഒരു രക്ഷകനുണ്ടായില്ല. വരുൺ ചക്രവർത്തിയും നിതീഷ്കുമാറും 2 വിക്കറ്റ് വീതം നേടിയപ്പോൾ അർഷ്ദീപ്, വാഷിങ്ടൻ സുന്ദർ, അഭിഷേക് ശർമ, മായങ്ക് യാദവ്, റിയാൻ പരാഗ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.