കളളപ്പണ ഇടപാട് നടത്തിയെന്ന ആരോപണം: നടന്‍ സൗബിന്‍ ഷാഹിറിനെ ചോദ്യം ചെയ്‌തേക്കും
കൊച്ചി: സിനിമ നിര്‍മാണത്തിന്റെ മറവില്‍ കളളപ്പണ ഇടപാട് നടത്തിയെന്ന ആരോപണം നേരിടുന്ന നടന്‍ സൗബിന്‍ ഷാഹിറിനെ ആദായ നികുതി വകുപ്പ് വിശദമായി ചോദ്യം ചെയ്‌തേക്കും. കഴിഞ്ഞ ദിവസം സൗബിന്റെ ഉടമസ്ഥതയിലുളള പറവ ഫിലിംസ് എന്ന നിര്‍മാണ കമ്പനിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന രാത്രി വൈകുവോളം നീണ്ടിരുന്നു.മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയുടെ നിര്‍മാണവുമായും കളക്ഷനുമായും ബന്ധപ്പെട്ട രേഖകളാണ് ഉദ്യോഗസ്ഥര്‍ പ്രധാനമായും പരിശോധിച്ചത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില നിര്‍ണായക രേഖകള്‍ ആദായ നികുതി വകുപ്പ് കണ്ടെടുത്തെന്നാണ് സൂചന.
ഡ്രീം ബിഗ് ഫിലിംസ് എന്ന നിര്‍മാണ കമ്പനിയിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഇരു നിര്‍മാണ കമ്പനികള്‍ക്കും കേരളത്തിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനമാണ് പണം നല്‍കിയതെന്നും ഇതില്‍ അനധികൃത ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നുമാണ് ആദായ നികുതി വകുപ്പ് സംശയിക്കുന്നത്.സിനിമാ വിതരണ, നിര്‍മ്മാണ കമ്പനികളില്‍ നടത്തിയ റെയ്ഡില്‍ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ആദായ നികുതി വകുപ്പിന് സംശയം. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ വരുമാനം സംബന്ധിച്ചാണ് സംശയം. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍, കണക്കുകളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിരുന്നു.
സിനിമ 148 കോടിയിലേറെ രൂപ വരുമാനമുണ്ടാക്കി. എന്നാല്‍ 44 കോടി രൂപ ആദായനികുതി ഇനത്തില്‍ നല്‍കേണ്ടിയിരുന്നത് അടച്ചില്ല. 32 കോടി രൂപ ചെലവ് കാണിച്ചുവെന്ന് കണ്ടെത്തല്‍. ഇത് കള്ളക്കണക്കാണെന്ന നിലപാടിലാണ് ആദായ നികുതി വകുപ്പ്. നികുതി റിട്ടേണ്‍ സമര്‍പ്പിച്ചിരുന്നില്ലെന്നും ആദായ നികുതി വകുപ്പ് പറയുന്നു. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തത് സഹായി ഷോണ്‍ ആണെന്നാണ് സൗബിന്റെ വിശദീകരണം.
ഇന്നലെ ഈ കമ്പനികളില്‍ 14 മണികൂറിലധികം ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ആദായ നികുതി വകുപ്പ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളിലാണ് റെയ്ഡ് നടത്തിയത്. സൗബിന്റെ വീട്ടിലും പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഓഫീസ് അടക്കമുള്ള ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. രണ്ട് സിനിമാ നിര്‍മ്മാണ കമ്പനികളുടെയും സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് പ്രധാന പരിശോധനയെന്ന് ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അറിയിച്ചിരുന്നു.