ഭാസ്‌ക്കരൻ -അഭിനയത്തോട് അഭിനിവേശമുണ്ടായിരുന്ന നടൻ

മുരളീദാസ് പെരളശ്ശേരി
മുംബൈ : ഒരുകാലത്ത്, നാല്പത്തിയാറോളം മലയാള നാടക സംഘങ്ങളുണ്ടായിരുന്ന നഗരമായിരുന്നു മുംബൈ . ഒരു നാടകം മുതൽ എഴുപതോളം നാടകങ്ങൾ സംവിധാനം ചെയ്തവരും ഈ നാടക സംഘത്തിലുണ്ടായിരുന്നു, എ ന്നതാണ് മുംബൈ മലയാള നാടക വേദിയുടെ ചരിത്രം . ആ സുവർണ്ണകാലത്ത് പ്രതിഭാധനരായ കലാകാരന്മാരോടൊപ്പം നാടകയാത്ര ചെയ്‌തവരിൽ ഒരാളായിരുന്നു മൂന്നുദിവസം മുന്നേ ഈ ലോകത്തോട് വിടപറഞ്ഞ ഭാസ്‌ക്കരൻ . ഒരു കാലത്ത് ,മുംബൈയിൽ നാടകരംഗത്ത് സജീവമായിരുന്ന പ്രതിഭ ,കവിത ,ആദം ,രാഗം ,ഡെക്കോറ തുടങ്ങിയ പ്രമുഖമായ നാടക തിയേറ്ററുകളിലെല്ലാം ഭാസ്‌ക്കരൻ എന്ന അഭിനേതാവിൻ്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു.
ഗോരേഗാവിലെ വസതിയിൽ വെച്ച് ഹൃദയസ്‌തംഭനം മൂലമാണ് അദ്ദേഹം മരണമടയുന്നത്. ആര് മറന്നാലും മുംബൈ നഗരത്തിന് അദ്ദേഹത്തെ മറക്കാൻ കഴിയില്ലാ എന്നാണ് ഭാസ്കരനോടോപ്പം മലയാളികൾ താമസിക്കുന്നയിടങ്ങളിലെല്ലാം നാടകവും ,ബാലേയുമൊക്കെ അവതരിപ്പിച്ചിരുന്ന പ്രശസ്‌ത നാടക -ചലച്ചിത്ര നടൻ ബാലാജി പറയുന്നത്. ഭാസ്കരനോടോപ്പമുള്ള സ്‌മരണ പങ്കുവെക്കാനാവശ്യപ്പെട്ടപ്പോൾ വളരെ വൈകാരികമായാണ് അദ്ദേഹം പ്രതികരിച്ചത്.
ബാലാജിയുടെ വാക്കുകളിലൂടെ ..
” അഭിനയം ഒരു അഭിനിവേശമായിരുന്നു ഭാസ്കരന് ഏതുവേഷവും അനായാസമായി കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു .ഞാൻ 1969 ലാണ് ബോംബെ കേരളസമാജത്തിൻ്റെ ഒരു നാടക അവതരണത്തിനിടയിൽ കാണുന്നത് . ആ നാടകത്തിൽ ഞാൻ ഉണ്ടായിരുന്നില്ല .അടുത്ത വർഷം മുതൽ അദ്ദേഹം അഭിനയിച്ച മിക്കവാറും എല്ലാ നാടകത്തിലും ഞാനുമുണ്ടായിരുന്നു .ഹാസ്യവേഷങ്ങളിലൂടെ പ്രേക്ഷകരുടെ കൈയ്യടി വാങ്ങാറുണ്ടായിരുന്ന ഭാസ്‌കരൻ കുറച്ചുകാലം ഗൾഫിൽ പോയതിനുശേഷം തിരിച്ചു വന്നു ചെയ്തതെല്ലാം സീരിയസ് വേഷങ്ങളായിരുന്നു. ഡോംബിവ്‌ലിയിലുള്ള മോഹനന്റെ കവിത തിയേറ്റേഴ്‌സിൽ 11 വർഷം ഞങ്ങൾ ഒരുമിച്ചു നാടകം ചെയ്‌തിട്ടുണ്ട് . ഗോരേഗാവിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലിചെയ്‌തിരുന്ന ഭാസ്‌കരൻ ജോലിയും കഴിഞ്ഞു നേരെ ഡോംബിവ്‌ലിയിലേക്ക് റിഹേഴ്‌സലിനായി വരും .
തിരിച്ചു പോകുക രാത്രി 10 -11 മണി ക്കായിരിക്കും. സ്വന്തം പോക്കറ്റിലെ കാശും ചെലവഴിച്ചായിരുന്നു ഇത്രയും ദൂരത്ത് നിന്ന് അദ്ദേഹം വന്നിരുന്നത് . ആവശ്യത്തിനുള്ള സൗകര്യങ്ങളൊന്നും ലഭിക്കുന്നില്ല എന്ന കാരണം പറഞ്ഞു രണ്ടാമത്തെ ദിവസം തന്നെ റിഹേഴ്‌സൽ മതിയാക്കിപ്പോകുന്ന പുതിയ തലമുറയിലെ നാടകക്കാരൊക്കെ ഭാസ്ക്കരനെപ്പോലുള്ളവരുടെ ജീവിതം പാഠപുസ്തകമാക്കേണ്ടിവരും .ഒരിക്കൽ ഞാൻ ഭാസ്ക്കരൻ്റെ വീട്ടിൽ പോയപ്പോൾ അദ്ദേഹത്തിന്റെ ജീവിത സൗകര്യങ്ങൾ കണ്ട് അമ്പരന്നുപോയിട്ടുണ്ട് . ഒരു ചാലിലെ ചെറിയൊരു ഒറ്റമുറിയിലായിരുന്നു അദ്ദേഹത്തിന്റെ താമസം .ഭാര്യയും രണ്ടു മക്കളും കൂടെയുണ്ട് . ഒരു കസേര യും മേശയുമുണ്ട് .വേറെ ഒരു സൗകര്യവുമില്ല .കുടിവെള്ളം പിടുത്തമൊക്കെ വലിയ കഷ്ട്ടം . കാണികളെ കുടുകുടെ ചിരിപ്പിച്ച ആ മനുഷ്യൻ അന്നങ്ങനെ ആയിരുന്നു ജീവിച്ചിരുന്നത്.അവിടെ നിന്നായിരുന്നു മുംബൈയുടെ മുക്കിലും മൂലയിലും നാടക റിഹേഴ്‌സലിനും അവതരണത്തിനുമൊക്കെ അദ്ദേഹം വന്നിരുന്നത്.
നിരവധി ഡോകളുമെന്ററി ഫിലിമുകളിലും ബാലെയിലും എന്നോടോപ്പമുണ്ടായിരുന്നു. എല്ലാവരോടും മാന്യമായി പെരുമാറിയിരുന്ന കഠിനാധ്വാനിയും സമർപ്പണ മനോഭാവുമുള്ള ഒരു നല്ല കലാകാരനെയാണ് നമുക്ക് നഷ്ട്ടപ്പെട്ടത് . കഴിവുള്ള കലാകാരന്മാർക്ക് അർഹതപ്പെട്ട അംഗീകാരം ലഭിക്കില്ലാ എന്നത് ഭാസ്ക്കരൻറെ നാടക ജീവിതത്തിലും സംഭവിച്ചു. മക്കളെയൊക്കെ നല്ലരീതിയിൽ പഠിപ്പിച്ചതുകൊണ്ട് അനുഭവിച്ച കഷ്ടപാടുകളൊക്കെ പിന്നീട് മാറുകയും ഉയർന്നനിലയിലെത്തുകയും ചെയ്തു. എല്ലാ ഗണപതി ഉത്സവകാലത്തും മകളുടെ കൂടെ താമസിക്കാറുണ്ടായിരുന്ന ഭാസ്‌ക്കരൻ ഇത്തവണയും .എത്തി . പക്ഷേ ഒരുദിവസം ഒരിക്കലും ഉണരാനാവാത്ത വിധം ഉറങ്ങിപ്പോകുകയായിരുന്നു. സയലന്റ് ഹാർട്ട് അറ്റാക്ക് ..!.” തൃശൂർ ചേർപ്പ് സ്വദേശിയായിരുന്ന ഭാസ്‌ക്കരൻ (81 )ൻ്റെ ഭാര്യ മല്ലിക . മക്കൾ ബബിത ,മനോജ് . മരുമക്കൾ :അജിത് ,സൗമ്യ