വയലിനിസ്റ്റ് ബാലഭാസ്‌കറിനെ കൊന്നത് തന്നെയെന്ന് അച്ഛന്‍ ഉണ്ണി
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിനെ കൊന്നത് തന്നെയെന്ന് അച്ഛന്‍ ഉണ്ണി. മകന്റെ മരണത്തില്‍ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ലെന്നും ഉണ്ണി മാധ്യമങ്ങളോട് സംസാരിക്കവേ ചൂണ്ടിക്കാട്ടി. ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുന്‍ മുമ്പും പല കേസുകളിലെ പ്രതിയായിരുന്നു. അപകടത്തിന് ശേഷമാണ് ഈ കേസുകളെ കുറിച്ച് അറിയുന്നത്. അര്‍ജുന്റെ അറസ്റ്റോടെ കൊലപാതകമെന്ന സംശയം ബലപ്പെടുകയാണെന്നും ഉണ്ണി പറഞ്ഞു. സിബിഐയും സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണ് അന്വേഷണം അവസാനിപ്പിച്ചതെന്നും ഉണ്ണി ആരോപിച്ചു.
പെരിന്തല്‍മണ്ണയില്‍ വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ പിടിയിലായവരില്‍ അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഡ്രൈവറും ഉള്‍പ്പെട്ടിരുന്നു. സ്വര്‍ണ്ണ കവര്‍ച്ച കേസില്‍ മറ്റു പ്രതികള്‍ക്കൊപ്പം ചെര്‍പ്പുളശ്ശേരി മുതല്‍ വാഹനം ഓടിച്ചത് തൃശ്ശൂര്‍ സ്വദേശിയായ അര്‍ജുനായിരുന്നു.
സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ 13 പേര്‍ ഇതിനകം തന്നെ പൊലീസ് പിടിയിലായിട്ടുണ്ട്. ഈ 13 അംഗ സംഘത്തിലെ അംഗമാണ് അര്‍ജുനും. ഈ മാസം 21-ാം തിയതിയായിരുന്നു പെരിന്തല്‍മണ്ണയില്‍ കവര്‍ച്ച നടന്നത്. കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് 2018 സെപ്റ്റംബര്‍ 25 നുണ്ടായ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണ സമയം വാഹന ഓടിച്ചിരുന്നത് അര്‍ജുന്‍ ആയിരുന്നെന്ന് കണ്ടത്തിയത്. അന്ന് പോലീസും ക്രൈംബ്രാഞ്ചും സിബിഐയും വാഹനാപകടത്തിലെ സംശയങ്ങളില്‍ അര്‍ജുനെ ചോദ്യം ചെയ്തിരുന്നു.
അര്‍ജ്ജുന് സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണവും അന്ന് ശക്തമായിരുന്നു. ഇത് ബലപ്പെടുത്തുന്നതാണ് പെരിന്തല്‍മണ്ണയിലെ സ്വര്‍ണ്ണ കവര്‍ച്ചയും അര്‍ജുന്റെ അറസ്റ്റും. ഇതിന് പുറമേ ചില കവര്‍ച്ച കേസുകളിലും അടിപിടി കേസുകളിലും അര്‍ജുന് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ കവര്‍ച്ചാ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റു പ്രതികളുമായുള്ള മുന്‍ പരിചയം പിന്നീട് സ്വര്‍ണ്ണ കവര്‍ച്ചയിലെ ഗൂഡാലോചനയിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ പുതിയ കേസിന് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധമില്ലെന്നും ആ രീതിയില്‍ അന്വേഷണം ഇല്ലെന്നും പോലീസ് വ്യക്തമാക്കി. നിലവില്‍ റിമാന്‍ഡിലാണ് അര്‍ജുന്‍