അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി: പാർലമെൻ്റിൽ പ്രതിഷേധം ശക്‌ത0

ന്യൂഡൽഹി: ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി മജിസ്രട്രേറ്റ് കോടതി. ഇതോടെ, രണ്ട് കന്യാസ്ത്രീകളും ദുർഗിലെ സെൻട്രൽ ജയിലിൽ തുടരും. കേസിൽ ഗുരുതരമായ വകുപ്പുകളാണ് കന്യാസ്‌ത്രീകള്‍ക്കെതിരെ ചുമത്തിയിരുന്നത്. മതപരിവർത്തനവും മനുഷ്യക്കടത്തും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. സംഭവത്തിൽ സിസ്‌റ്റർ പ്രീതി ഒന്നാം പ്രതിയും സിസ്‌റ്റർ വന്ദന രണ്ടാം പ്രതിയുമാണ്. നിർബന്ധിത മത പരിവർത്തന നിരോധന നിയമം സെക്ഷൻ 4, ബിഎൻഎസ് 143 എന്നീ കുറ്റങ്ങൾ ചുമത്തി. പെൺകുട്ടികളെ നിർബന്ധിച്ച് മതം മാറ്റുന്നുവെന്നും മനുഷ്യ കടത്ത് സംശയിക്കുന്നുവെന്നും എഫ്ഐആറില്‍ പറയുന്നു. അറസ്റ്റിലായ രണ്ട് കന്യാസ്ത്രീകളും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പത്ത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാനുള്ള കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.
പാർലമെൻ്റിൽ പ്രതിഷേധം ശക്‌തമാക്കി കേരളത്തിൽ നിന്നുള്ള എംപിമാർ :
കന്യാസ്ത്രീകളായ സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും സിസ്റ്റർ പ്രീതി മേരിയെയും അറസ്റ്റു ചെയ്‌ത സംഭവത്തില്‍ പാർലമെൻ്റിൽ പ്രതിഷേധം ശക്‌തമാക്കി കേരളത്തിൽ നിന്നുള്ള വലത്-ഇടതു എംപിമാർ. നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് ജാമ്യമില്ലാ വകുപ്പ് ചുമത്തി ഇരുവരെയും അറസ്റ്റ് ചെയ്‌തതിലാണ് പ്രതിഷേധം. കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയ പ്രേരിതവുമാണെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.
വിഷയത്തില്‍ എംപിമാർ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് ലോക്‌സഭയിൽ തള്ളിയിരുന്നു. പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയ ശേഷം സ്‌പീക്കർ ചോദ്യോത്തര വേളയിലേയ്ക്ക് കടന്നു. പ്രതിഷേധം ശക്‌തമായതിനെ തുടർന്ന് ചോദ്യോത്തര വേളയ്ക്ക് തടസമുണ്ടാക്കുന്നത് ശരിയല്ലെന്ന് സ്‌പീക്കർ പറഞ്ഞു എങ്കിലും പ്രതിഷേധം തുടര്‍ന്നു.അതേസമയം, കോൺഗ്രസ് എംപിമാരായ സപ്‌തഗിരി ഉലഗ, കേരളത്തിൽ നിന്നുള്ള എംപിമാരായ ബെന്നി ബെഹനാൻ, ഫ്രാൻസിസ് ജോർജ്, എൻകെ പ്രേമചന്ദൻ, കോൺഗ്രസ് നേതാവ് അനിൽ എ തോമസ് എന്നിവർ കന്യാസ്ത്രീകളെ സന്ദർശിച്ചു. കോൺഗ്രസ് എംപിമാർ ഉൾപ്പെടെയുള്ള പ്രതിനിധി സംഘം ജയിലിലെത്തിയാണ് കന്യാസ്ത്രീകളെ കണ്ടത്.
കന്യാസ്ത്രീകളെ കാണാനെത്തിയ ഇടതുപക്ഷ എംപിമാരെ പൊലീസ് തടഞ്ഞിരുന്നു. ബൃന്ദ കാരാട്ട്, ജോസ് കെ മാണി, എ എ റഹീം, പി പി സുനീർ, കെ രാധാകൃഷ്‌ണൻ, ആനി രാജ എന്നിവരും ഛത്തീസ്‌ഗഡിലെ പ്രാദേശിക ഇടതു നേതാക്കളും അടങ്ങിയ സംഘത്തെയാണ് ജയിലിന് മുന്നിൽ വച്ച് പൊലീസ് തടഞ്ഞത്. ബിജെപി സര്‍ക്കാര്‍ ഓരോരുത്തര്‍ക്കും ഓരോ നിയമങ്ങളാണ് കൊണ്ടുവരുന്നതെന്നും, എന്തുസംഭവച്ചാലും നാളെ കന്യാസ്‌ത്രീകളെ സന്ദര്‍ശിക്കുമെന്നും സിപിഎം വ്യക്തമാക്കി.സംസ്ഥാന പൊലീസും റെയിൽവേ പൊലീസും ഉദ്യോഗസ്ഥരും പക്ഷപാതപരമായി പെരുമാറിയെന്നും കന്യാസ്ത്രീകൾക്കെതിരെ വ്യാജ തെളിവുകൾ നിർമ്മിച്ചുവെന്നും ദൃക്‌സാക്ഷികളെ നിർബന്ധിച്ചുവെന്നും ഛത്തീസ്‌ഗഡ് പൊലീസിനെതിരെ ആരോപണമുണ്ട്. കോണ്‍ഗ്രസ് എംപി ഹൈബി ഈഡൻ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിലാണ് ഗുരുതര ആരോപണങ്ങളുള്ളത്.
മതേതര അവകാശം ഭരണഘടനാദത്തമാണെന്നും മതനിരപേക്ഷതക്ക് എതിരായ നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും എൻകെ .പ്രേമചന്ദ്രൻ എംപി പറഞ്ഞു.മതേതര ഘടന സംരക്ഷിക്കാൻ ജാഗ്രതയോടെയുള്ള പ്രവർത്തനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കന്യാസ്‌ത്രീകളെ റെയില്‍വേ സ്റ്റേഷനില്‍ വച്ച് തടഞ്ഞുവച്ച് ബജ്‌റംഗ്‌ദര്‍ പ്രവര്‍ത്തകരാണ് ഇവരെ പൊലീസില്‍ ഏല്‍പ്പിച്ചതെന്നും, എന്നാല്‍ ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കാൻ പൊലീസ് തയ്യാറായില്ലെന്നും കോണ്‍ഗ്രസും ഇടതുസംഘടനകളും ആരോപിക്കുന്നു. പൊലീസും ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകരും ഒത്തുകളിച്ചെന്നും ആരോപണമുണ്ട്.മാതാപിതാക്കളുടെ അനുമതിയോടെ വീട്ടുജോലിക്കായി എത്തിയ പെൺകുട്ടികളെയും ബന്ധുവിനെയും കൂട്ടാനെത്തിയ കന്യാസ്‌ത്രീകളെയും ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് തടഞ്ഞുവച്ചെന്നാണ് ആരോപണം. ദുര്‍ഗ് റെയിൽവെ സ്‌റ്റേഷനിലെത്തി ബജ്‌റംഗ്‌ദള്‍ ആൾക്കൂട്ട വിചാരണയ്‌ക്കും അതിക്രമത്തിനും കന്യാസ്‌ത്രീകളെ വിധേയരാക്കി. മതപരിവർത്തനമല്ലെന്നും ജോലിക്കായി പോകുകയാണെന്ന് പറഞ്ഞിട്ടും ജയ് ശ്രീറാം മുഴക്കി ഇവര്‍ക്കെതിരെ തിരികയായിരുന്നുവെന്നും കോണ്‍ഗ്രസും സിപിഎമ്മും ആരോപിക്കുന്നു. മാതാപിതാക്കളുടെ സമ്മതപത്രം കാണിച്ചിട്ടും അതിക്രമം തുടർന്നുവെന്നും ഇതിനെതിരെ നടപടി എടുക്കാൻ പൊലീസ് തയ്യാറായില്ലെന്നും ഗുരുതര ആരോപണമുണ്ട്.
അറസ്റ്റിലായ രണ്ട് കന്യാസ്ത്രീകളും നിരപരാധികളാണെന്നും അവരെ ബലപ്രയോഗത്തിലൂടെ കേസിൽ കുടുക്കിയതാണെന്നും ഫ്രാൻസിസ് ജോർജ്ജ് എംപി പറഞ്ഞു. “ഇത് മതപരിവർത്തന കേസല്ല, മറിച്ച് ഒരു സാമൂഹിക തെറ്റിദ്ധാരണയാണ്. രണ്ട് കന്യാസ്ത്രീകളെ തെറ്റായ വകുപ്പുകൾ പ്രകാരമാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. നിർബന്ധിത മതപരിവർത്തനം ജാമ്യമില്ലാ വകുപ്പാണ്. അതിനാൽ കന്യാസ്ത്രീകളെ ഈ കേസിൽ മനഃപൂർവ്വം ഉൾപ്പെടുത്തിയതാണ്. അതേസമയം രണ്ട് കന്യാസ്ത്രീകളും യുവതികളെ ജോലിക്ക് കൊണ്ടുപോകുകയായിരുന്നു. ഈ അറസ്റ്റിനെ ഞങ്ങൾ പൂർണ്ണമായും എതിർക്കുന്നു” എന്ന് ഫ്രാൻസിസ് ജോർജ്ജ് പറഞ്ഞു.