ബാബ സിദ്ദിഖി കൊലപാതകം : ഒരു വെടിയേറ്റത് വഴിയാത്രക്കാരനായ യുവാവിന്
മുംബൈ: മുൻ സംസ്ഥാന മന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ ബാബ സിദ്ദിഖിന് നേരെ അക്രമികൾ തൊടുത്ത ആറ് ബുള്ളറ്റുകളിൽ ഒന്ന് കൊണ്ടത് 22 കാരനായ തയ്യൽക്കാരൻ്റെ കാലിൽ. ബാന്ദ്ര വെസ്റ്റിലുള്ള ഭാഭാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവാവിന്റെ കാലിൽ നിന്നും വെടിയുണ്ട നീക്കം ചെയ്‌തു .
ബാബ സിദ്ദിഖിന് വെടിയേൽക്കുമ്പോൾ അത് വഴി രാജ് കനോജിയ സുഹൃത്തുക്കളോടോപ്പം ദുർഗ്ഗാ വിസർജൻ കാണുന്നതിനായി ബാന്ദ്ര ഈസ്റ്റിലെ ഖേർനഗറിലെ ഒരു ക്ഷേത്രത്തിലേക്ക്
നടന്നുപോകുകയായിരുന്നു. കാനോജിയയുടെ വീട്ടിൽ നിന്ന് അഞ്ച് മിനിറ്റ് നടക്കാനുള്ള ദൂരത്തിനിടയിലാണ് അപ്രതീക്ഷിതമായി വെടിയേൽക്കുന്നത് .
ശനിയാഴ്ച രാത്രി 8.30ന് നിർമൽ നഗറിലെ വീട്ടിൽ നിന്ന് രണ്ട് സുഹൃത്തുക്കളോടൊപ്പമാണ് മകൻ പോയതെന്ന് രാജ് കാനോജിയയുടെ പിതാവ് സ്ഥലത്ത് ഇസ്തിരിക്കട നടത്തുന്ന മതഫെർ പറഞ്ഞു. രാത്രി 9.30 ന് സുഹൃത്ത് ഫോണിലൂടെ രാജിന് വെടിയേറ്റുവെന്നും പോലീസ് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെന്നുംഅറിയിച്ചു.
ദസ്സറ ആഘോഷത്തിനിടയിൽ പടക്കം പൊട്ടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് വെടിവെപ്പ് നടക്കുന്നത് .
അതുകൊണ്ട് തന്നെ പടക്കം പൊട്ടി കാലിൽ തെറിച്ചു എന്ന് സുഹൃത്തുക്കളോട് പറഞ്ഞുകൊണ്ട്
സംഭവസ്ഥലത്ത് നിന്ന് 50 മീറ്റർ അകലെ ജനക്കൂട്ടത്തോടൊപ്പം പരിക്കേറ്റ കാലുമായി ഓടി ക്ഷേത്രത്തിന് സമീപം ഇരിക്കുകയായിരുന്നു രാജ് കാനോജിയ.
ഏതാനും മിനിറ്റുകൾക്കകം അടുത്തേക്ക് ഓടിയെത്തിയ പോലീസുകാരാണ് അടുത്തുള്ള ഭാഭ ആശുപത്രിയിൽ അയാളെ എത്തിച്ചത്.
രാജിന് ഒരു മാസത്തിലേറെ പൂർണ വിശ്രമം വേണ്ടിവരുമെന്ന് ഡോക്ടർമാർ പറഞ്ഞതായി അമ്മാവൻ ശിവദയാൽ പറഞ്ഞു.ഉത്തർപ്രദേശിൽ നിന്നെത്തിയ ബിരുദധാരിയായ കനോജിയ കഴിഞ്ഞ 20 വർഷമായി പിതാവിനും അമ്മാവനുമൊപ്പമാണ് താമസിക്കുന്നത്.