യുവതിയോട് ലൈംഗികാതിക്രമം കാട്ടിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ
ആലപ്പുഴ : കുത്തിയതോട്ടിൽ നടുറോഡിൽ യുവതിയോട് ലൈംഗികാതിക്രമം കാട്ടി കടന്നു കളഞ്ഞ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിലായി . ചേർത്തല മുൻസിപ്പാലിറ്റി 30 ൽ ആലുങ്കൽ വെളി വീട്ടിൽ താജു (41) ആണ് പോലീസ് പിടിയിലായത്. 26-10-2025 തീയതി പകൽ 10:30 മണിയോട് കൂടി എൻ എച്ച് റോഡിൽ തുറവൂർ എൻസിസി ജംഗ്ഷന് വടക്ക് വശമുള്ള പെട്രോൾ പമ്പിന് സമീപത്ത് വച്ചാണ് കേസ്സിനാസ്പദമായ സംഭവം ഉണ്ടായത്. 20 വയസ്സ് പ്രായമുള്ള പെൺകുട്ടി റോഡരികിലൂടെ നടന്നുവരുന്നതായി കണ്ട പ്രതി വഴി ചോദിക്കാൻ എന്ന വ്യാജേന ഓട്ടോറിക്ഷ നിർത്തി ലൈംഗീക ഉദ്ദേശത്തോടെ അശ്ലീലം പറഞ്ഞാണ് ലൈംഗികാതിക്രമം കാട്ടിയത്. പെൺകുട്ടി പറഞ്ഞ പ്രതിയുടെ അടയാളങ്ങളും വാഹനത്തിന്റെ അടയാളവും കേന്ദ്രീകരിച്ച് 25 ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
എറണാകുളം ഷേണായിസിന് അടുത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. ചേർത്തല ഉത്പ്പെടെ വിവിധ പോലീസ് സ്റ്റേഷനിൽ ഇയാൾ ക്കെതിരെ 20 ഓളം കേസ്സ് ഉണ്ട്. സമാനമായ കുറ്റകൃത്യങ്ങൾ ഇതിനുമുമ്പും ചെയ്തിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് പോലീസ് പിടിയിലാവുന്നത്. കുത്തിയതോട് ഇൻസ്പെക്ടർ ഓഫ് പോലീസ് അജയമോഹന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ വിജേഷ്, രജീഷ്, രഞ്ജിത്ത്, അമൽരാജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
