ഡോംബിവ്‌ലിയിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ മാനഭംഗപ്പെടുത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

മുംബൈ :ഡോംബിവ്‌ലിയിൽ നിന്നും ബന്ധുവീട്ടിലേക്ക് പോകുകയായിരുന്ന 29 കാരിയെ സോനാർപാടയ്ക്കു സമീപം ഒരു ഒഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച റിക്ഷാ ഡ്രൈവറെ മാൻപാഡ പോലീസ് അറസ്റ്റ് ചെയ്‌തു . ദിവാ നിവാസിയായ ഫൈസൽ ഖാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . ബന്ധുവീട്ടിലെത്തിയ യുവതി നടന്ന കാര്യങ്ങൾ വീട്ടിൽ അറിയിക്കുകയും ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയുമായിരുന്നു.കല്യാൺ സോൺ-3 ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അതുൽ സെൻഡ്, അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (ഡോംബിവ്‌ലി ഡിവിഷൻ) സുഭാഷ് ഹെമാഡെ, തിലക്‌നഗർ പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഇൻസ്‌പെക്ടർ വിജയ് കദം എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം ആരംഭിച്ചത്.സോനാർപാട ഭാഗത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് പ്രതിയെ കണ്ടത്താൻ കഴിഞ്ഞത്.ഏപ്രിൽ 7 നാണ് സംഭവം നടന്നത് .ഏപ്രിൽ 9 ന് രാത്രി, ദിവയിൽ നിന്ന് പ്രതിയായ ഫൈസൽ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയോടെ, തിലക്നഗർ പോലീസ് ഫൈസൽ ഖാനെ കല്യാൺ കോടതിയിൽ ഹാജരാക്കി, കോടതി ഫൈസലിനെ ഏപ്രിൽ 14 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.