അബുദബിയിലെ ഹിന്ദു ക്ഷേത്രം സമര്‍പ്പിച്ചു; വസുദൈവ കുടുംബകമെന്ന് ശിലയിൽ കൊത്തി പ്രധാനമന്ത്രി
അബുദബി: പ്രൗഢ ഗംഭീരമായ ചടങ്ങിൽ അബുദബിയിലെ ഹിന്ദു ക്ഷേത്രം വിശ്വാസികൾക്കായി സമര്‍പ്പിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലാണ് ക്ഷേത്ര സമര്‍പ്പണ ചടങ്ങുകൾ നടന്നത്. ക്ഷേത്രം നിര്‍മ്മിച്ച തൊഴിലാളികളെ സന്ദര്‍ശിച്ച് സംസാരിച്ച പ്രധാനമന്ത്രി പിന്നീട് ക്ഷേത്രത്തിലെ ശിലയിൽ വസുധൈവ കുടുംബകമെന്ന് കൊത്തി. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ശിലാ ക്ഷേത്രമാണ് ബാപ്സ് ഹിന്ദു മന്ദിര്‍.
ഏഴ് ആരാധന മൂർത്തികളെ ഇന്ന് രാവിലെ മുതൽ ആരംഭിച്ച വിശിഷ്ട ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്നു. വൈകിട്ട് പ്രധാനമന്ത്രി എത്തിയ ശേഷമാണ് ക്ഷേത്ര സമര്‍പ്പണ ചടങ്ങ് നടന്നത്. 2015 ലാണ് അബുദബിയിൽ ക്ഷേത്ര നിര്‍മ്മാണത്തിന് സ്ഥലം വിട്ടുനൽകിയത്. ദുബായ്-അബുദാബി ഹൈവേയിൽ അബു മുറൈഖയിൽ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് നല്കിയ 27 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിച്ചത്. 2018ലാണ് ക്ഷേത്ര നിര്‍മാണത്തിന് തറക്കല്ലിട്ടത്. ഓരോ എമിറേറ്റുകളെയും പ്രതിനിധീകരിക്കുന്ന ഏഴു കൂറ്റന്‍ ഗോപുരങ്ങളാണ് ക്ഷേത്രത്തിന്റെ മുഖ്യ ആകര്‍ഷണം.
ക്ഷേത്രത്തിന്റെ ഉയരം 32 മീറ്ററാണ് . ശിലാരൂപങ്ങൾ കൊണ്ട് നിർമിച്ച 96 തൂണുകൾ ക്ഷേത്രത്തിനകത്തുണ്ട്. ഇന്ത്യയിൽ നിന്നും ഇറ്റലിയിൽ നിന്നുമുള്ള പിങ്ക് മണല്‍ക്കല്ലും വെള്ള മാര്‍ബിളുമാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചത്. ഭൂകമ്പങ്ങളിൽ നിന്നു പോലും സംരക്ഷണം ലഭിക്കുന്ന രീതിയിലാണ് ക്ഷേത്രത്തിന്റെ രൂപകൽപന. പുരാതന ഹൈന്ദവ ക്ഷേത്രങ്ങളുടെ മാതൃകകള്‍ ഉള്‍ക്കൊണ്ടുള്ള ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് ഹൈന്ദവ പുരാണങ്ങളുടെയും ഐതിഹ്യങ്ങളുടെയും കഥകള്‍ കൊത്തിയ കല്ലുകളാണ് ഉപയോഗിച്ചത്.ആത്മീയവും സാംസ്കാരികവുമായ ആശയവിനിമയങ്ങള്‍ക്കുള്ള ആഗോള വേദി, സന്ദര്‍ശക കേന്ദ്രം, പ്രദര്‍ശന ഹാളുകള്‍, പഠന മേഖലകള്‍, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമുള്ള കായിക കേന്ദ്രങ്ങള്‍, ഉദ്യാനങ്ങള്‍, ജലാശയങ്ങള്‍, ഭക്ഷണശാലകള്‍, ഗ്രന്ഥശാല എന്നിവയും ക്ഷേത്രത്തോട് അനുബന്ധിച്ചുണ്ട്. മഹാഭാരതം, രാമായണം തുടങ്ങിയ പുരാണങ്ങളിലെ കഥാപാത്രങ്ങൾക്കൊപ്പം ബുർജ് ഖലീഫ, അബൂദബിയിലെ ശൈഖ് സായിദ് മോസ്ക് ഉൾപ്പെടെയുള്ള യുഎഇയിലെ പ്രമുഖ നിർമിതികളുടെ രൂപങ്ങളും വെണ്ണക്കല്ലിൽ കൊത്തിയിട്ടുണ്ട്.