പൊങ്കാലക്കായി ആറ്റുകാലൊരുങ്ങി: അനന്തപുരിയിൽ ഭക്തജന പ്രവാഹം
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് മണിക്കൂറുകൾ ബാക്കി നിൽക്കെ ഭക്തി സാന്ദ്രമായി തലസ്ഥാനനഗരി. കേരളത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഭക്തരാണ് ആറ്റുകാൽ ക്ഷേത്രത്തിലേക്ക് എത്തുന്നത്. ഞായറാഴ്ച രാവിലെ 10.30 ന് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നതോടെ ആറ്റുകാൽ പൊങ്കാലയ്ക്ക് തിരിതെളിയും.
പതിനായിരക്കണക്കിന് ഭക്ത ജനങ്ങളുടെ പ്രവാഹമാണ് ക്ഷേത്രത്തിലേക്ക്. പൊങ്കാല അടുപ്പ് വെട്ടാനുള്ള ഇടം കണ്ടെത്തിയും, മണ്‍കലം വാങ്ങാനും വലിയ തിരക്ക് തന്നെയാണ് ക്ഷേത്രപരിസരത്ത് അനുഭവപ്പെടുന്നത്. രണ്ടായിരത്തിലധികം പൊലീസുകാരാണ് സുരക്ഷാ ചുമതലയിലുള്ളത്. ആരോഗ്യ വകുപ്പും പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിച്ചിട്ടുണ്ട്. കെഎസ്ആർടിസി അധിക സർവീസുകൾ നടത്തും. ആയിരകണക്കിന് ഭക്തർക്ക് ക്യൂ നിൽക്കാനുള്ള സംവിധാനം നടപന്തലിലും ഒരുക്കിയിട്ടുണ്ട്. ആറ്റുകാൽ പൊങ്കാലയോടനുമ്പന്ധിച്ച് സ്പെഷ്യൽ ട്രെയിൻ സർവീസ് ഉണ്ടാകുമെന്ന് റെയിൽവേയും അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ ആറ്റുകാൽ ക്ഷേത്രത്തിൽ നടക്കുന്ന ആറ്റുകാൽ പൊങ്കാലയാണ് ലോകത്തിലെ ഏറ്റവും വലിയ സ്ത്രീജന സംഗമം. സ്ത്രീകൾ മധുരമുള്ള പായസം തയ്യാറാക്കി ഭഗവതിക്ക് സമർപ്പിക്കുന്ന ചടങ്ങാണ് പൊങ്കാല. ചടങ്ങുകൾ സ്ത്രീകൾക്ക് മാത്രമേ ചെയ്യാൻ കഴിയൂ, ഉത്സവ സമയത്ത് നഗരത്തിലെ തെരുവുകൾ ഭക്തരെക്കൊണ്ട് നിറഞ്ഞിരിക്കും.